സെല്‍ ഫോണുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വന്‍സി വൈദ്യുതകാന്തിക തരംഗങ്ങള്‍ (RF-EMWs) ബീജങ്ങളുടെ ഗുണനിലവാരം കുറയ്ക്കുന്നതായി പഠനറിപ്പോര്‍ട്ട്. എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച മെറ്റാനാലിസിസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
“പുരുഷന്മാര് അവരുടെ ബീജത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനായി മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം,” പുസാന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പ്രധാന ഗവേഷകനും അസിസ്റ്റന്റ് പ്രൊഫസറുമായ യുന്‍ ഹാക്ക് കിം പറഞ്ഞു.
സെല്‍ ഫോണുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വന്‍സി വൈദ്യുതകാന്തിക തരംഗങ്ങള്‍ ശരീരത്തിലെത്തുന്നതോടെ ഇത് തലച്ചോറിലും ഹൃദയത്തിലും പ്രത്യുല്പാദന പ്രവര്‍ത്തനത്തിലും പ്രതികൂല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്‍ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ചുള്ള 2012 മുതലുള്ള പഠനങ്ങള്‍ സമന്വയിപ്പിച്ചാണ് ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ സമഗ്രമായ ഒരു അവലോകനം നടത്തിയത്. 2012 നും 2021 നും ഇടയില്‍ ഗവേഷകര്‍ സ്ക്രീന്‍ ചെയ്ത 435 പ്രസിദ്ധീകരിച്ച പഠനങ്ങളിലും റെക്കോര്‍ഡുകളിലും, സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനത്തിന് അനുയോജ്യമായ 18 പഠനങ്ങള്‍ അവര്‍ കണ്ടെത്തി. ഇതില്‍ 4280 ബീജ സാമ്ബിളുകളെക്കുറിച്ച് പ്രതിപാദിക്കുന്നു.
സെല്‍ ഫോണില്‍ ചെലവഴിക്കുന്ന സമയവും ബീജത്തിന്റെ ഗുണനിലവാരവും തമ്മിലുള്ള ബന്ധം പഠനത്തില്‍ കണ്ടെത്തിയില്ല. എങ്കിലും സെല്‍ഫോണ്‍ ഉപയോഗം ബീജങ്ങളുടെ ചലനശേക്ഷിയെ അടക്കം കാര്യമായി ബാധിക്കുന്നുവെന്ന് കണ്ടെത്തി.
“ഭാവിയില്‍ സെല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിന് കാരണമാകുന്ന അടിസ്ഥാന ഘടകങ്ങളിലൊന്നായി റേഡിയോ ഫ്രീക്വന്‍സി വൈദ്യുതകാന്തിക തരംഗങ്ങള്‍ (RF-EMWs) മാറിയെന്ന് പരിഗണിക്കേണ്ട സമയമാണിത്,” റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
“ഇപ്പോഴത്തെ ഡിജിറ്റല്‍ പരിതസ്ഥിതിയില്‍ പുതിയ മൊബൈല്‍ ഫോണ്‍ മോഡലുകളില്‍ നിന്ന് പുറന്തള്ളുന്ന EMW-കള്‍ എക്സ്പോഷര്‍ ചെയ്യുന്നതിന്റെ ഫലം നിര്‍ണ്ണയിക്കാന്‍ അധിക പഠനങ്ങള്‍ ആവശ്യമാണ്,” കിം പറഞ്ഞു.