ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉടൻ പിൻവലിച്ചേക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പിൻവലിക്കുന്ന കാര്യം ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തെങ്കിലും തത്കാലം കൊവിഡ് നിയന്ത്രണങ്ങളും പ്രതിരോധ പ്രോട്ടോകോളും പാലിക്കുന്നത് തുടരുന്നതാവും ഉചിതം എന്ന തീരുമാനമാണുണ്ടായത്. ഒമിക്രോണ്‍ അടക്കമുള്ള കൊവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികളും തുടരാൻ തീരുമാനിച്ചത്. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ ഈ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തെരുവ് നായയുടെ കടിയേറ്റു മരിച്ചു
ദില്ലി: ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ദില്ലി നോയിഡയില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചു . നോയിഡയിലെ ഹൗസിങ് സൊസൈറ്റിയിൽ ജോലിക്കെത്തിയ നിർമാണ തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്. തെരുവ് നായ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
നോയിഡ സെക്ടർ ഹണ്ട്രടിലെ ലോട്ടസ് ബോൾവേർഡ് എന്ന ഹൌസിങ്ങ് സൊസൈറ്റിയിലാണ് സംഭവം. നിർമ്മാണ തൊഴിലാളികളായ അച്ഛനമ്മമാർ ജോലി ചെയ്യുന്നതിന് തൊട്ടടുത്ത് ഉറക്കി കിടത്തിയ കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചത് ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ്. ഗുരുതര മുറിവുകളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്ന് രാവിലെ മരിച്ചു. ഇതിന് പിന്നാലെയാണ് രോഷാകുലരായ പരിസരവാസികൾ റോഡിൽ തടിച്ചു കൂടിയത്.
മൂന്ന് വർഷത്തിലേറെയായി ഇവിടെ തെരുവ് നായ ശല്യം രൂക്ഷമാണെന്നും, പല തവണ പരാതി പെട്ടിട്ടും നോയിഡ അതോറിറ്റി വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്നും താമസക്കാർ കുറ്റപ്പെടുത്തി. എന്നാൽ തെരുവ് നായകളെ പിടികൂടാൻ വന്ന ഏജൻസി ജീവനക്കാരെ ഹൌസിങ്ങ് സൊസൈറ്റിയിലെ ചില താമസക്കാർ തന്നെ മടക്കിയെന്നാണ് നോയിഡ അതോറിറ്റിയുടെ വിശദീകരണം.