കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 2.56 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ മൂന്നാം തരംഗത്തിനു തുടക്കമായതായി ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. കർണാടകയിൽ ഇന്നലെ 2479 പേർ പോസിറ്റീവായതിൽ 2053 പേർ ബെംഗളൂരുവിൽ നിന്നാണ്. നഗരത്തിൽ വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ വേണ്ടതുണ്ട്. ആദ്യ 2 തരംഗങ്ങളെ പോലെ ബെംഗളൂരുവായിരിക്കും മൂന്നാം തരംഗത്തിന്റെയും പ്രഭവ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിൽ വിദേശത്തു നിന്ന് ഇത്രയേറെ യാത്രക്കാർ വന്നിറങ്ങുന്ന സാഹചര്യത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ടതുണ്ട്.
കർണാടകയിൽ കഴിഞ്ഞ 6 മാസമായി ടിപിആർ 0.4 ശതമാനത്തിൽ താഴെയായിരുന്നു. തിങ്കളാഴ്ച ഇത് 1.6 ശതമാനമായും ഇന്നലെ 2.56 ശതമാനമായും കുത്തനെ ഉയർന്നു. ഒറ്റ ദിവസം കൊണ്ട് ടിപിആർ ഇത്രയധികം ഉയർന്നത് മൂന്നാം തരംഗമല്ലെങ്കിൽ മറ്റെന്താണെന്നു മന്ത്രി ചോദിച്ചു. വ്യാപനത്തിന്റെ 90 ശതമാനവും ബെംഗളൂരുവിലാണെന്നതാ ണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ വിദഗ്ധ സമിതി യോഗം ചേർന്നു.