ബെംഗളൂരു : കർണാടകത്തിൽ വിവിധബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള നിയമനപരീക്ഷയെഴുതാൻ വസ്ത്രധാരണത്തിൽ നിയന്ത്രണമേർപ്പെടുത്തി കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ.). പരീക്ഷയിൽ ക്രമക്കേട് തടയുന്നതിന്റെ ഭാഗമായി ഈ മാസം 18, 19 തീയതികളിൽ നിയമനപരീക്ഷ എഴുതുന്നവർക്കുവേണ്ടിയാണ് പുതിയ ഉത്തരവ്.തലയോ വായയോ ചെവിയോ മറയക്കുന്ന ഏതെങ്കിലും വസ്ത്രമോ തൊപ്പിയോ പരീക്ഷാഹാളിൽ അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം, ഹിജാബിനെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല.ബ്ലൂടൂത്ത് ഇയർഫോൺ, മൈക്രോഫോൺ, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും വിലക്കിയിട്ടുണ്ട്.
എന്നാൽ, പരീക്ഷാഹാളിൽ മംഗല്യസൂത്രം ധരിക്കാമെന്ന് ഉത്തരവിൽ പറയുന്നു. നവംബർ ആറിന് പരീക്ഷയെഴുതാനെത്തിയ സ്ത്രീകളോട് മംഗല്യസൂത്രം അഴിച്ചുവെക്കാൻ ആവശ്യപ്പെട്ടത് ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒക്ടോബറിൽ നടന്ന മത്സരപ്പരീക്ഷകളിൽ ഹിജാബ് ധരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി എം.ഡി. സുധാകർ അറിയിച്ചിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് പുതിയ ഉത്തരവിലൂടെ സർക്കാർ സ്വീകരിച്ചതെന്ന് ആരോപണമുയർന്നു.
ഒക്ടോബർ 28-ന് വിവിധ വകുപ്പുകളിലേക്ക് കെ.ഇ.എ. നടത്തിയ പരീക്ഷയിൽ കലബുറഗിയിലും യാദ്ഗിറിലും ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടി നടന്നിരുന്നു. സംഭവത്തിൽ ഇരുപതിലേറെപ്പേർ അറസ്റ്റിലായിട്ടുണ്ട്. കേസ് സി.ഐ.ഡി. അന്വേഷിച്ചുവരുകയാണ്
ഉത്തരകാശിയിലെ തുരങ്ക ദുരന്തം ; രക്ഷാദൗത്യത്തിനിടെ മണ്ണിടിച്ചില്‍ രണ്ടു പേര്‍ക്കു പരിക്ക്
ഉത്തരാഖണ്ഡിലെ ഉത്തരാകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍.തുരങ്കത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ ഉരുക്കുകുഴലുകള്‍ കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണു മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലില്‍ ദൗത്യസംഘത്തിലെ രണ്ടു പേര്‍ക്കു പരിക്കേറ്റു.പാറയുടെയും കോണ്‍ക്രീറ്റ് അവശിഷ്‌ടങ്ങളുടെയും ഇടയിലൂടെ ഉരുക്കുകുഴലുകള്‍ കയറ്റി രക്ഷാപാത ഒരുക്കാനാണു ശ്രമിക്കുന്നത്. 900 മില്ലിമീറ്റര്‍ വ്യാസമുള്ള കുഴലുകള്‍ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ചാണു കയറ്റുന്നത്.
തൊഴിലാളികള്‍ക്ക് ട്യൂബുകള്‍ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നുണ്ട്. എന്നാല്‍, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്. വോക്കി ടോക്കി വഴി തൊഴിലാളികളുമായി ദൗത്യസംഘം തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. തൊഴിലാളികളെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനാകുമെന്ന് ഉത്തരകാശി ജില്ലാ ഭരണകൂടം വ്യക്തമാക്കി. റെയില്‍വേയുടെയും ഡല്‍ഹി മെട്രോയുടെയും വിദഗ്ധര്‍ സ്ഥലത്തെത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ ഉരുക്കുകുഴലുകള്‍ കയറ്റാനായി 25 ടണ്‍ വീതം ഭാരമുള്ള മൂന്ന് കൂറ്റൻ ഹൈഡ്രോളിക് ഡ്രില്ലിംഗ് മെഷീനുകള്‍ ഇന്നലെ രാത്രിയില്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇതുവഴി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് അധികൃതരുടെ നിഗമനം. ബഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം ഞായറാഴ്ച രാവിലെയാണു തകര്‍ന്നത്. തുരങ്കത്തിന്‍റെ പ്രവേശന കവാടത്തില്‍നിന്ന് 200 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. അപകടത്തിന്‍റെ കാരണമുള്‍പ്പെടെ അന്വേഷിക്കാൻ വിദഗ്ധരടങ്ങുന്ന ആറംഗ സംഘത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ചു. അതേസമയം, രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരേ തൊഴിലാളികളുടെ ബന്ധുക്കള്‍ പ്രതിഷേധസമരം നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് സമാന്തരമാര്‍ഗം സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.