ബംഗളൂരു: ചിക്കമകളൂരുവില്‍ ബി.ജെ.പിയെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട ജില്ല കണ്‍വീനര്‍ എച്ച്.ഡി. തിമ്മയ്യ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു.കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിക്കമകളൂരു മണ്ഡലത്തില്‍നിന്ന് മത്സരിക്കാനുള്ള ആഗ്രഹം തിമ്മയ്യ പ്രകടിപ്പിച്ചുകഴിഞ്ഞു. ബി.ജെ.പി ജനറല്‍ സെക്രട്ടറി സി.ടി. രവിയുടെ അടുത്ത അനുയായി കൂടിയായ തിമ്മയ്യ നിയമസഭ ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബി.ജെ.പി വിടുന്നത്. 18 വര്‍ഷം ചിക്കമകളൂരുവില്‍ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിച്ച തിമ്മയ്യയുടെ രാജി സി.ടി. രവിക്ക് വന്‍ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ചിക്കമകളൂരു മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കൂടിയാണ്.
ചിക്കമഗളൂരു മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാവാനുള്ള ആഗ്രഹം തിമ്മയ്യ നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍നിന്ന് അനുകൂല മറുപടി ലഭിക്കാതായതോടെ രാജിക്കത്ത് നല്കി.’തികഞ്ഞ ഉത്തരവാദിത്തത്തോടെ പാര്‍ട്ടി ഏല്പിച്ച വിവിധ ചുമതലകള്‍ 2007 മുതല്‍ ഞാന്‍ നിര്‍വഹിച്ചു പോരുന്നുണ്ട്. ഈയിടെയായി പാര്‍ട്ടിയിലെ സംഭവവികാസങ്ങള്‍ അസ്വസ്ഥനാക്കുന്നു.ആയതിനാല്‍ ജില്ല കണ്‍വീനര്‍ പദവിയും പാര്‍ട്ടി പ്രാഥമിക അംഗത്വവും ഒഴിയുന്നു.
ഇത്രയും കാലം സഹകരണവും സഹായവും നല്കിയ ഭാരവാഹികള്‍, ബോര്‍ഡ് ചെയര്മാന്മാര്, അംഗങ്ങള്‍, നേതാക്കള്‍, സര്‍വോപരി എന്നെ സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ എല്ലാവര്ക്കും നന്ദി’ -രാജിക്കത്തില്‍ പറയുന്നു.കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി തിമ്മയ്യ കഴിഞ്ഞ ദിവസം ചിക്കമകളൂരുവിലെ ഹോട്ടലില്‍ അനുയായികള്‍ക്കൊപ്പം യോഗം ചേര്‍ന്നു. ലിംഗായത്ത് നേതാവുകൂടിയായ അദ്ദേഹത്തിന് പിന്തുണയുമായി ലിംഗായത്ത് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമായി ബി.ജെ.പിയില്‍നിന്നുള്ള 500ലേറെ പേര് പങ്കെടുത്തു.
ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ തിമ്മയ്യ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം.കോണ്‍ഗ്രസില്‍ ചേരുന്നതിന് ഒരു നിബന്ധനയും വെച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആദ്യമായാണ് കോണ്‍ഗ്രസ് സര്‍വേ നടത്തി നിയമസഭ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് നല്‍കാനൊരുങ്ങുന്നത്. ആരു ടിക്കറ്റ് നല്കിയാലും ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും തിമ്മയ്യ നിലപാട് വ്യക്തമാക്കി.
വീണ്ടും തണുത്തുറഞ്ഞ് മൂന്നാര്‍; താപനില മൈനസില്‍
മൂന്നാര്‍: മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെ താപനില മൈനസ് ഒന്നിലെത്തി. ഈ സീസണില്‍ നാലാം തവണയാണ് മൂന്നാര്‍ മേഖലയില്‍ അതിശൈത്യം അനുഭവപ്പെടുന്നത്.രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഫെബ്രുവരിയില്‍ താപനില ഇത്രയും താഴുന്നത്. സൈലന്റ് വാലി, കന്നിമല, ചെണ്ടുവര, ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളില്‍ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടായി.
ലാക്കാട് സിമന്റ് പാലം, കന്നിമല മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടായത്.ലക്ഷ്മി എസ്റ്റേറ്റ്, കുണ്ടള, ചെണ്ടുവര എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാത്രിയിലെ താപനില. മൂന്നാര്‍ ടൗണില്‍ കുറഞ്ഞ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ജനുവരി 18നാണ് മൂന്നാറില്‍ അവസാനമായി മഞ്ഞുവീഴുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മൂന്നുതവണയാണ് മേഖലയില്‍ മഞ്ഞുവീഴ്ചയുണ്ടാകുന്നത്.ഫെബ്രുവരി ഒന്നുമുതല്‍ 15 വരെ താപനില മൂന്ന് ഡിഗ്രി മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെ താപനില പെട്ടെന്ന് കുറഞ്ഞ് മൈനസ് ഒന്നിലേക്ക് എത്തുകയായിരുന്നു. അതിശൈത്യവും മഞ്ഞുവീഴ്ചയും വരുംദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.