ചണ്ഡീഗഡ്: കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി തന്റെ രാജ്യസഭയിലെ ശമ്ബളം സംഭാവന ചെയ്യുമെന്ന് ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹര്‍ഭജന്‍ സിങ് പ്രഖ്യാപിച്ചു.രാജ്യസഭാംഗമെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഒരു രാജ്യസഭാംഗമെന്ന നിലയില്‍ കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി തന്‍റെ രാജ്യസഭയിലെ ശമ്ബളം സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് താന്‍ രാജ്യസഭാംഗമായത്.
തന്നെ കൊണ്ട് കഴിയും വിധത്തില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കും, ജയ് ഹിന്ദ്”- അദ്ദേഹം ട്വീറ്റ് ചെയ്തു.കഴിഞ്ഞ മാസമാണ് പഞ്ചാബില്‍ നിന്ന് രാജ്യസഭയിലേക്ക് ഹര്‍ഭജന്‍ സിങ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
മാര്‍ച്ച് 31ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹര്‍ബജന്‍ സിങ് ഉള്‍പ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 92 സീറ്റുകള്‍ നേടി എ.എ.പി കോണ്‍ഗ്രസിന് പരാജയപ്പെടുത്തി മിന്നും വിജയമാണ് പഞ്ചാബില്‍ നേടിയത്.
2021 ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഹര്‍ബജന്‍ മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുവരും തമ്മിലുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെ ഹര്‍ബജന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് എ.എ.പി രാജ്യസഭയിലേക്ക് ഹര്‍ബജന്‍ സിങിനെ നോമിനേറ്റ് ചെയ്തത്.