തെന്നിന്ത്യൻ താര സുന്ദരി ഹൻസിക മോട്‌വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം ഡിസംബറിൽ ആകും വിവാഹമെന്നും ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചാകും ചടങ്ങുകൾ നടക്കുകയെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.
വരനെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ജയ്പൂർ കൊട്ടാരത്തിൽ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ നടിയുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ഇക്കഴിഞ്ഞ ജൂലൈയിൽ തന്റെ 50ാമത്തെ ചിത്രം ‘മഹാ’യുടെ റിലീസുമായി ബന്ധപ്പെട്ട് ഹൻസിക പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. പ്രിയപ്പെട്ട ആരാധകരില്ലെങ്കിൽ തന്റെ കുടുംബം അപൂർണമാണെന്നും സിനിമയാണ് തനിക്കെല്ലാമെന്നും ഹൻസിക കുറിച്ചിരുന്നു. 50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര്‍ നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായതെന്നും ഹൻസിക പറഞ്ഞിരുന്നു.
തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മിൽ ഗയയിലും ഹൻസിക അഭിനയിച്ചിരുന്നു. തമിഴ് സിനിമ റൗഡി ബേബിയാണ് ഹൻസികയുടെ അടുത്ത പ്രോജക്റ്റ്.
ഹൻസിക ജനിച്ചത് മുംബൈയിലാണ്. അവിടെ തന്നെ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസവും. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന നടി കൂടിയാണ് ഹൻസിക. ബിസ്സിനസ്സുകാരനാണ് പിതാവ് പ്രദീപ് മോട്‌വാനി, മാതാവ് മോന മോട്‌വാനി ഡെർമറ്റോളജിസ്റ്റുമാണ്.
2023 ഐപിഎല്‍ ലേലം ; ഡിസംബറില്‍ ബെംഗളൂരുവില്‍ ; കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
2023 ഐപിഎലിലേക്കുള്ള ലേലം ഡിസംബര്‍ 16 ന് നടക്കുമെന്ന് റിപ്പോര്‍ട്ട്.ബെംഗളൂരുവിലാകും ലേലം നടക്കുക.സീസണില്‍ ഹോം, എവേ രീതിയിലാവും മത്സരങ്ങള്‍.
ഇതിന് പുറമെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്ത് ഫ്രാഞ്ചൈസികളോടും തങ്ങളുടെ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് നവംബര്‍ 15 നകം സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവയ്‌ക്ക് പുറമെ ഇതേ വര്‍ഷം തന്നെ വനിതാ ഐപിഎലും ആരംഭിക്കും.വനിതാ ഐപിഎലിന്റെ ഒരു ടീമില്‍ അഞ്ച് വിദേശ താരങ്ങളെ അനുവദിക്കും. ആദ്യ സീസണില്‍ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വനിതാ ടീമില്‍ നാല് പേര്‍ ഐസിസിയുടെ മുഴുവന്‍ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരവും ആവണം.
സോണ്‍ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികള്‍ നല്‍കുക. ഇത് എങ്ങനെ വേണമെന്നതില്‍ തീരുമാനം ആയിട്ടില്ല. നിലവില്‍ പുരുഷ ഫ്രാഞ്ചൈസികള്‍ ഉള്ള മുംബൈ, രാജസ്ഥാന്‍, കൊല്‍ക്കത്ത, ബെംഗളൂരു, ഡല്‍ഹി, ചെന്നൈ, ലക്‌നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകും.