ബെംഗ്ളുറു: ഹിജാബ് നിരോധനത്തില്‍ കര്‍ണാടകയിലെ ബിജെപി സര്‍കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (സെക്യൂലര്‍) നേതാവുമായ എച് ഡി കുമാരസ്വാമി.’ബേട്ടി പഠാവോ, ബേഠി ബച്ചാവോ’ എന്ന പേരില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന നയത്തെക്കുറിച്ച് ഒരു വശത്ത് കേന്ദ്ര സര്‍കാര്‍ സംസാരിക്കുന്നു. മറുവശത്ത്, ഹിജാബ് വിവാദത്തിലൂടെ അവര്‍ ‘ബേഠി പഠാവോ’ എന്നതിനുപകരം ‘ബേഠി ഹഠാവോ’ (പെണ്‍കുട്ടിയെ അകറ്റി നിര്‍ത്തുക) എന്നായി മാറിയിരിക്കുന്നു’ – അദ്ദേഹം പറഞ്ഞു
ഹിജാബ് നിരോധനം മുസ്ലീം പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റുമെന്നും ഈ വിഷയം കൊണ്ടുവന്ന് വോട് നേടാനാണ് ബിജെപി പദ്ധതിയിടുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. കോളജുകളില്‍ മുമ്ബുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും പുതിയ നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇതിനകം ഹിജാബ് ധരിച്ചിരുന്ന സ്കൂളുകളിലും കോളജുകളിലും, അവരെ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് തുടരണം. എന്നാല്‍ ഇപ്പോള്‍ ആവശ്യം ആരംഭിച്ച കോളജുകളില്‍ ഇത് അനുവദിക്കരുത്. ഹിന്ദു-മുസ്‌ലിം പ്രശ്‌നം എന്നതിലുപരി ഇത് വിദ്യാര്‍ഥികളെ വര്‍ഗീയവല്‍ക്കരിക്കുന്നതാണ്. കാവി ഷാള്‍ ധരിച്ച് കോളജില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം പുതിയതാണ്. വികസന പ്രശ്‌നങ്ങള്‍ക്ക് പകരം ഈ പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പിന് മുമ്ബായി ഉന്നയിക്കുന്നത്’ – കുമാരസ്വാമി വ്യക്തമാക്കി.
മുസ്ലീം സമുദായത്തില്‍ നിന്നുള്ള ചില ചെറിയ രാഷ്ട്രീയ പാര്‍ടികള്‍ രാഷ്ട്രീയത്തില്‍ വലിയ രീതിയില്‍ ഇടപെടുന്നുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്ന ഈ സമയത്ത്, ഇക്കൂട്ടര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
