മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്നു വാക്ക് നല്‍കിയ ശേഷമാണ് ആ പിതാവ് പ്രതിശ്രുത വരന്റെ കുടുംബത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. സ്ഥിരം പ്രശ്‌നക്കാരായി നാട്ടില്‍ അറിയപ്പെട്ടിരുന്ന ആ കുടുംബം കൊല്ലിനും കൊലയ്ക്കും കുപ്രസിദ്ധമാണ് എന്നായിരുന്നു അയാള്‍ അറിഞ്ഞത്. ആ കുടുംബത്തില്‍ നേരത്തെ വിവാഹം കഴിപ്പിച്ചയച്ച ഒരു ബന്ധു കൊല്ലപ്പെട്ട കഥ കൂടി അറിഞ്ഞതോടെ അയാള്‍ ഒരു തീരുമാനം എടുത്തു.
തന്റെ മകളെ എന്തായാലും ആ കുടുംബത്തിലേക്ക് അയക്കുന്ന കെട്ടിയക്കുന്ന പ്രശ്‌നമില്ല!ആ തീരുമാനം കൃത്യമായിരുന്നു. എന്നാല്‍, അതിന്റെ പേരില്‍ അയാള്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം മൂക്കാണ്! വിവാഹം മുടക്കി എന്നാരോപിച്ച്, അയാളുടെ മകളെ വിവാഹം ആലോചിച്ച ചെറുപ്പക്കാരനും കുടുംബാംഗങ്ങളും ചേര്‍ന്ന് പരസ്യമായി തല്ലിച്ചതച്ചശേഷം അയാളുടെ മൂക്ക് മുറിച്ചു കളയുകയായിരുന്നു.
വെറുതെ മൂക്കു മുറിക്കുക മാത്രമല്ല, ആ മുറിഞ്ഞ മൂക്കുമായി കടന്നു കളയുകയും ചെയ്തു അക്രമി സംഘം. ഗുരുതരാവസ്ഥയിലായ പിതാവിപ്പോള്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്. മൂക്കു മുറിച്ചു കടന്നു കളഞ്ഞ അക്രമികള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുകയാണ് ഇപ്പോള്‍ പൊലീസ്. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം.
കമാല്‍ സിംഗ് ബാട്ടി എന്ന 55 -കാരനാണ് മൂക്കു മുറിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇയാളെ അക്രമിച്ച സംഘത്തിനായി തെരച്ചില്‍ നടത്തുകയാണെന്ന് ബാര്‍മര്‍ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഷിയോ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള ജഫാനില്‍ ഗ്രാമവാസിയായ കമാല്‍ സിംഗ് രാവിലെ പാടത്തേക്ക് കൃഷിപ്പണിക്കു പോവുമ്പോള്‍ ഒരു സംഘമാളുകള്‍ എത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകളുടെ മുന്നില്‍ വെച്ചാണ് ഇവര്‍ കമാല്‍ സിംഗിനെ ആക്രമിച്ചത്.
അതിനു ശേഷം, ഇദ്ദേഹത്തിന്റെ മൂക്കു മുറിച്ചെടുത്ത സംഘം ചോരയില്‍ കുതിര്‍ന്ന ആ മൂക്കുമായി കടന്നുകളയുകയും ചെയ്തു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പാണ് സമീപ ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന്‍ കമാല്‍ സിംഗിന്റെ മകള്‍ക്ക് കല്യാണ ആലോചനയുമായി വന്നത്.
അധികമൊന്നും അന്വേഷിക്കാതെ തന്നെ ഇദ്ദേഹം മകളെ വിവാഹം കഴിച്ചു നല്‍കാമെന്ന് സമ്മതിച്ചു.എന്നാല്‍ അതുകഴിഞ്ഞാണ് പ്രതിശ്രുത വരന്റെ കുടുംബത്തെ കുറിച്ച് ഇദ്ദേഹം കാര്യമായി അന്വേഷിച്ചത്.
എന്തിനും പോന്ന ഒരു കുടുംബമാണ് അതെന്നാണ് അദ്ദേഹത്തിന് അന്വേഷണത്തില്‍ മനസ്സിലായത്. തന്റെ ഒരു ബന്ധുവിനെ വളരെ പണ്ട് ആ കുടുംബത്തില്‍ വിവാഹം കഴിപ്പിച്ചിരുന്നുവെന്നും ആ പെണ്‍കുട്ടി വിവാഹശേഷം കൊല്ലപ്പെടുകയായിരുന്നു എന്നു കൂടി അദ്ദേഹമറിഞ്ഞു.
തുടര്‍ന്ന് ഒരു കാരണവശാലും ഈ വിവാഹം നടത്താന്‍ പറ്റില്ലെന്ന് അദ്ദേഹം തീരുമാനം എടുക്കുകയായിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത്. പ്രതിശ്രുത വരനും ഒരു സംഘമാളുകളും ചേര്‍ന്നാണ് ആക്രമണം നടത്തിയത് എന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.