Home Featured പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച്‌ ഗ്രീഷ്മ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച്‌ ഗ്രീഷ്മ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആര്‍. നായര്‍ പൊലീസ് സ്റ്റേഷനില്‍ അണുനാശിനി കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.ഇതേത്തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന ക്ലീനറാണ് കുടിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കസ്റ്റഡിയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനിരിക്കെയാണ് ആത്മഹത്യാ ശ്രമം.

പ്രണയബന്ധത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ് കൊലപാതകമെന്നാണ് ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയത്. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നാണ് ഗ്രീഷ്മ നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വസിക്കുന്നില്ല.

തുടരന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും. പിന്നീടാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുക.

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ ഇന്നലെയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. 

ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിൻ്റെ ബന്ധുക്കൾ പറയുന്നത്. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്സാപ്പ് ചാറ്റിലുമുണ്ടായിരുന്നു അടിമുടി ദുരൂഹത.

ഈ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്ശ്) ആണ് ഷരോണിന്‍റെ മരണത്തിന് കാരണമായ വിഷം എന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. 

ഷാരോണും ​ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിട്ട് ഒരുവർഷം മാത്രം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും പരസ്പരം അടുക്കുന്നത്.  അഴകിയമണ്ഡപം മുസ്ലിം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിയായ ​ഗ്രീഷ്മയും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായ ഷാരോണും നിത്യവും ഒരേ ബസിലാണ് യാത്ര ചെയ്യുന്നത്. അങ്ങനെ കണ്ടുള്ള പരിചയം അടുപ്പവും പ്രണയവുമായി വളർന്നു. അഴകിയമണ്ഡപം കഴിഞ്ഞാണ് നെയ്യൂർ. അഴകിയമണ്ഡപത്ത് ​ഗ്രീഷ്മക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഏറെ നേരം ​ഗ്രീഷ്മയുമായി ചെലവിട്ട് മറ്റൊരു ബസിലാണ് പിന്നീട് നെയ്യൂരിലേക്ക് പോകാറ്. ഇരുവരും ​ഗാഢമായ പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. പിന്നീട് ഷാരോണിന്റെ ഇരുചക്രവാഹനത്തിലായി ഇരുവരുടെയും യാത്ര. ചില ദിവസങ്ങളിൽ ഇവർ ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്രകൾ.

യാത്രയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഷാരോണിന്റെ ഫോണിൽ ഉണ്ടായിരുന്നു. അത്തരമൊരു യാത്രയിലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിൽ ​ഗ്രീഷ്മ ഷാരോണിനെ ജ്യൂസ് കുടിക്കാൻ പ്രേരിപ്പിക്കുന്നത് വ്യക്തം. ​ഗ്രീഷ്മയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും ബന്ധം അറിയുന്നത്. ബിഎ റാങ്ക് ഹോൾഡറായ ​ഗ്രീഷ്മ എംഎ പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതോടെയാണ് വീട്ടുകാർ അന്വേഷിച്ചത്. എന്നാൽ, ബന്ധം അവസാനിപ്പിച്ചെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രണയം തുടർന്നിരുന്നു. 

മുരുക മഠാധിപതിക്കെതിരായ പീഡനക്കേസില്‍ നാലാം പ്രതി അറസ്റ്റില്‍

ബംഗളൂരു: ചിത്രദുര്‍ഗയിലെ മുരുക മഠാധിപതിക്കെതിരായ പീഡനക്കേസില്‍ നാലാം പ്രതി അറസ്റ്റില്‍. എസ്.ജെ.എം എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മുന്‍സെക്രട്ടറി പരമശിവയ്യ ആണ് രണ്ടു മാസങ്ങള്‍ക്കുശേഷം പിടിയിലായത്.കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മഠത്തിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുടെ പരാതിയില്‍ മഠാധിപതി ശിവമുറത്തി മുരുക ശരണരുവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

മൈസൂരുവിലെ സന്നദ്ധ സംഘടനയായ ഒടനടി സേവാ സമസ്തെ പ്രവര്‍ത്തകരുടെ കൗണ്‍സലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.ആദ്യം മൈസൂരു നസര്‍ബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനകേസ് പിന്നീട് ചിത്രദുര്‍ഗ റൂറല്‍ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ മഠാധിപതി നവംബര്‍ മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മുരുക ശരണരു, ഹോസ്റ്റല്‍ വാര്‍ഡന്‍ രശ്മി, പരമശിവയ്യ എന്നിവരെ പ്രതികളാക്കി അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group