Home Featured ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാവുന്നു; വിവാഹനിശ്ചയം കഴിഞ്ഞു

ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാവുന്നു; വിവാഹനിശ്ചയം കഴിഞ്ഞു

മറ്റൊരു താരവിവാഹത്തിന് കൂടി മലയാളി ആസ്വാദകര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നു. നടനും ടെലിവിഷന്‍ അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും ന‌ടി ​ഗോപിക അനിലുമാണ് വിവാഹിതരാവാന്‍ ഒരുങ്ങുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് കഴിഞ്ഞു. വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ട് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷ വര്‍ത്തമാനം അറിയിച്ചത്.ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു.

നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ, എന്നാണ് കുറിപ്പ്.ചില മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ചുകൊണ്ടാണ് ​ഗോവിന്ദ് പത്മസൂര്യ മലയാളികള്‍ക്ക് മുന്നില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. വേ​ഗത്തില്‍ സിനിമയിലേക്കും പ്രവേശനം ലഭിച്ചു. എം ജി ശശിയുടെ സംവിധാനത്തില്‍ 2008 ല്‍ പുറത്തിറങ്ങിയ അടയാളങ്ങള്‍ ആയിരുന്നു ആദ്യ ചിത്രം.

പിന്നീട് ഡാഡി കൂള്‍, വര്‍ഷം, പ്രേതം, ഷെഫീക്കിന്‍റെ സന്തോഷം അടക്കം മലയാളത്തില്‍ പതിനഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ കീ എന്ന ചിത്രത്തിലും തെലുങ്കില്‍ മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചു. ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരകനായി എത്തിയതോടെയാണ് ജിപി എന്ന ​ഗോവിന്ദ് പത്മസൂര്യ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. മറ്റ് നിരവധി ഷോകളിലും അവതാരകനായി എത്തിയിട്ടുണ്ട്.സിനിമയില്‍ ബാലതാരമായി എത്തി പിന്നീട് സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് ​ഗോപിക അനില്‍.

ബാലേട്ടന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ മക്കളായി എത്തിയത് ​ഗോപികയും സഹോദരി കീര്‍ത്തനയുമായിരുന്നു. കബനി ഉള്‍പ്പെ‌ടെ പല പരമ്പരകളിലും അഭിനയിച്ചെങ്കിലും ജനപ്രീതിയില്‍ മുന്നിലുള്ള സാന്ത്വനത്തില്‍ അഭിനയിച്ചതാണ് ​ഗോപികയ്ക്ക് കരിയര്‍ ബ്രേക്ക് ആയത്. സീരിയലിലെ അഞ്ജലി എന്ന കഥാപാത്രം ഒട്ടേറെ ആരാധകരെയാണ് ​ഗോപികയ്ക്ക് നേടിക്കൊടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group