ബംഗളൂരു: കര്‍ണാടകയിലെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുമുള്ള ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രത്യേകിച്ച് ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലായി നിരവധി ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള പൊലീസ് കേസുകള്‍ വ്യാജമാണെന്നും അവ പിന്‍വലിക്കണമെന്നും സാമൂഹിക ക്ഷേമ-പിന്നാക്ക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുമായി ഇദ്ദേഹം ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇക്കാര്യം അനുകൂലമായി പരിഗണിക്കുമെന്നും എല്ലാ ജില്ലകളില്‍നിന്നും ഇത്തരം കേസുകളുടെ വിവരം ശേഖരിച്ച് മന്ത്രിസഭക്കു മുമ്ബാകെ കൊണ്ടുവന്ന് അനുകൂല നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഉറപ്പു നല്കി.
കഴിഞ്ഞ വര്‍ഷം അവസാനം ബി.എസ്. യെദിയൂരപ്പ സര്‍ക്കാറിന്റെ കാലത്തും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈ, മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ റദ്ദാക്കാന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ നീക്കം നടക്കുന്നത്. മുന്‍ സര്‍ക്കാറുകള്‍ രാഷ്ട്രീയ പ്രേരിതമായാണ് വ്യാജ കേസുകള്‍ ഹിന്ദുത്വ-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തതെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി ആരോപിച്ചു. മറ്റു സംഘടനകളുടെ പ്രവര്‍ത്തകരുടെ കേസുകള്‍ മുന്‍ സര്‍ക്കാറുകള്‍ പിന്‍വലിച്ചപ്പോള്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ കേസുകള്‍ റദ്ദാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലായി ഉണ്ടായ സംഘര്‍ഷങ്ങളിലും മറ്റുമായി നിരവധി ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. 2019ല്‍ യെദിയൂരപ്പ സര്‍ക്കാറിന്റെ കാലത്ത് ഇപ്പോള്‍ ആഭ്യന്തര മന്ത്രിയായ അരഗ ജ്ഞാനേന്ദ്ര, ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടിരുന്നു.
അരഗ ജ്ഞാനേന്ദ്രയുടെ മണ്ഡലമായ ശിവമൊഗ്ഗയിലെ തീര്‍ഥഹള്ളിയിലെ 300ലധികം ഹിന്ദുത്വ -ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാനുള്ള പ്രതിഷേധങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. അന്നത്തെ സിദ്ധരാമയ്യ സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്നാണ് ആരോപണം. പ്രായപൂര്‍ത്തിയാകാത്ത െപണ്‍കുട്ടിയുടെ മരണത്തില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ച 300ലധികം പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കേസ്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി