ന്യൂഡെല്‍ഹി: () ഇന്‍ഡ്യാ ഗവണ്‍മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ നിര്‍ദേശമനുസരിച്ച്, ഇനി കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് ഗൂഗ്ള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ്, വിപിഎന്‍(വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്), തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. സുരക്ഷാ ഭീഷണി ചൂണ്ടികാണിച്ച് ഇവ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് സര്‍കാര്‍ വിലക്ക് ഏര്‍പെടുത്തി.
കേന്ദ്രസര്‍കാരിനെ സംബന്ധിച്ച സുപ്രധാന രഹസ്യവിവരങ്ങള്‍ ഗൂഗ്ള്‍ ഡ്രൈവ്, ഡ്രോപ്‌ബോക്‌സ് തുടങ്ങിയ ക്ലൗഡ് സര്‍വീസുകളില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
വിപിഎന്‍ സേവനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയായാണ് സര്‍കാര്‍ കാണുന്നത്. വിപിഎന്‍ സേവനം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും അത് തീവ്രവാദ സംഘടനകള്‍ക്ക് ഉപയോഗിക്കാമെന്നും അവരെ ട്രാക് ചെയ്യുന്നത് അസാധ്യമാണെന്നും കേന്ദ്ര സര്‍കാര്‍ കരുതുന്നു. കാം സ്‌കാനര്‍ പോലുള്ള സര്‍കാര്‍ രേഖകള്‍ സ്‌കാന്‍ ചെയ്യുന്നതിന് തേര്‍ഡ് പാര്‍ടി ആപ്ലികേഷനുകള്‍ ഉപയോഗിക്കരുതെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇലക്‌ട്രോനിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം രൂപീകരിച്ച നിയമങ്ങള്‍ സര്‍കാരിന്റെ സുരക്ഷാ നില മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് റിപോര്‍ട്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുള്ള കംപനികള്‍ക്ക് ഇന്‍ഡ്യ വിട്ടുപോകാമെന്നും കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.