ബെംഗളൂരു:കനത്തവരൾച്ച നേരിടുന്ന ബെലഗാവി ജില്ലയിലെ വിവിധ താലൂക്കുകളിൽ കൃത്രിമമഴ പെയ്യിക്കാൻ സർക്കാരിന്റെ അനുമതി. ബെലഗാവി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ടു സ്വകാര്യകമ്പനികൾക്കാണ് ക്ലൗഡ് സീഡിങ്ങിലൂടെ മഴ പെയ്യിക്കാൻ അനുമതി ലഭിച്ചത്. തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ കൃത്രിമ മഴ പെയ്യിക്കുമെന്നാണ് വിവരം. ജില്ലാ ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിലായിരിക്കും നടപടികൾ. രാസവസ്തുക്കൾ മേഘങ്ങളിൽ വിതറി മഴപെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്.
മന്ത്രി സതീഷ് ജാർക്കിഹോളിയുടെ കുടുംബവുമായി ബന്ധമുള്ള പഞ്ചസാര ഫാക്ടറിയായ ബെലഗാവി ഷുഗേഴ്സ് ലിമിറ്റഡ്, ക്യാതി ക്ലൈമെറ്റ് മോഡിഫിക്കേഷൻ കൺസൾട്ടന്റ്സ് എന്നീ കമ്പനികളാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. മഴയില്ലാത്തതിനെത്തുടർന്ന് പ്രദേശത്തെ കരിമ്പുകൃഷി നശിച്ചാൽ പഞ്ചസാര ഫാക്ടറികൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കൃത്രിമമഴയിലൂടെ ഇതൊഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്.പ്രദേശത്തെ മറ്റു പഞ്ചസാര ഫാക്ടറി ഉടമകളാണ് ക്യാതി ക്ലൈമെറ്റ് മോഡിഫിക്കേഷൻ കൺസൾട്ടൻസ് എന്ന കമ്പനിയെ മഴ പെയ്യിക്കാനായി നിയോഗിച്ചത്. ക്ലൗഡ് സീഡിങ്ങിന്റെ പൂർണ ചെലവുകൾ ഈ കമ്പനികളാണ് വഹിക്കുക. സംസ്ഥാനത്ത് ഈവർഷം 73 ശതമാനം മഴക്കുറവുണ്ടായതാണ് കണക്ക്. കഴിഞ്ഞദിവസം 195 താലൂക്കുകളെ വരൾച്ച ബാധിതമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
3 വര്‍ഷം 156 എലികള്‍, പിടികൂടാൻ ചെലവായത് 69.5 ലക്ഷം; ഉത്തര റെയില്‍ വേയ്ക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
ഉത്തര റെയില്‍വെയുടെ ലഖ്നൗ ഡിവിഷനില്‍ എലിയെ പിടിക്കാൻ ചെലവാക്കിയ പണത്തില്‍ വന്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്.2020-22 കാലഘട്ടത്തില്‍ 69.5 ലക്ഷം രൂപയാണ് എലി ശല്യം പരിഹരിക്കുന്നതിനെന്ന പേരില്ചിലവിട്ടതെന്നാണ് ആരോപണം. വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചത്.ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഖ്നൗ ഡിവിഷന് നല്കിയ മറുപടിയിലാണ് ഈ രണ്ട് വര്‍ഷത്തെ ചെലവ് ഏകദേശം 69 ലക്ഷം രൂപയാണെന്നും 168 എലികളെ പിടികൂടിയെന്നും വ്യക്തമാക്കിയിട്ടുള്ളത്.
‘ആറ് ദിവസം എലിയെ പിടിക്കാന്‍ റെയില്‍വേ ചിലവഴിച്ചത് 41,000 രൂപ. 69.40 ലക്ഷം രൂപ ചെലവഴിച്ച് 3 വര്‍ഷത്തിനിടെ പിടികൂടിയത് 156 എലികളെ. ലഖ്നൗ മേഖലയുടെ മാത്രം അവസ്ഥയാണ് ഇത്.’ രാജ്യസഭാ എം പി രണ്‍ദീപ് സിങ് സുര്‍ജെവാല എക്സില്‍ കുറിച്ചു.രാജ്യം മുഴുവനും അഴിമതിയുടെ എലികള്‍ കൊള്ളയടിക്കുന്നു. ബിജെപി ഭരണത്തിന് കീഴില്‍ വിലക്കയറ്റത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വയോജനങ്ങള്‍ക്ക് റയില്‍വെ യാത്രക്കൂലിയില്‍ നല്കിയ ഇളവുപോലും നിര്‍ത്തലാക്കി. എലി നിയന്ത്രണത്തിനായി ലഖ്നൗ ഡിവിഷനിലെ ഡിപ്പോകള്‍ക്കായി 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും 23,16,150.84 രൂപ ചെലവഴിച്ചു.’ രണ്‍ദീപ് സിങ് സുര്‍ജെവാല കുറിച്ചു.