Home Featured പുനീത് രാജ്കുമാറിന്റെ മരണം: സങ്കടം സഹിക്കാനാകാതെ 10 ജീവനുകള്‍ കൂടി പൊലിഞ്ഞു, താരത്തിനായി സ്മാരകം നിര്‍മ്മിച്ച്‌ കര്‍ണ്ണാടക സര്‍ക്കാര്‍

പുനീത് രാജ്കുമാറിന്റെ മരണം: സങ്കടം സഹിക്കാനാകാതെ 10 ജീവനുകള്‍ കൂടി പൊലിഞ്ഞു, താരത്തിനായി സ്മാരകം നിര്‍മ്മിച്ച്‌ കര്‍ണ്ണാടക സര്‍ക്കാര്‍

by ടാർസ്യുസ്

ബംഗളൂരു: കന്നഡ താരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം താങ്ങനാകാതെ മരിക്കുന്ന ആരാധകരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. മരിക്കുന്നവരിലേറെയും പുനീതിനെപ്പോലെ തങ്ങള്‍ക്കും കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇതുവരെ 10 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏഴ് പേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്ന് പേര്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു പുനീതിന്റെ മരണം.

ആത്മഹത്യ ചെയ്ത മൂന്ന് ആരാധകരാണ് തങ്ങളുടെ കണ്ണുകളും ദാനം ചെയ്യണമെന്ന് എഴുതി വെച്ചത്. പുനീതും അച്ഛന്‍ രാജ്കുമാറും തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു. നാല് പേര്‍ക്കാണ് പുനീതിന്റെ കണ്ണുകള്‍ ദാനം ചെയ്തത്. അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു ശസ്ത്രക്രിയ. കണ്ണുകളുടെ കോര്‍ണിയ വേര്‍പ്പെടുത്തിക്കൊണ്ട് മുന്നിലെ ഭാഗം രണ്ട് പേര്‍ക്കും പുറകിലേത് മറ്റ് രണ്ട് പേര്‍ക്കും നല്‍കുകയായിരുന്നു. പുനീതിന്റെ മരണത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ എണ്ണവും കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. അനേകല്‍ സ്വദേശിയായ രാജേന്ദ്രന്‍, തുംകൂര്‍ സ്വദേശിയായ ഭരത്, ചന്നപട്‌ന സ്വദേശിയായ വെങ്കിടേഷുമാണ് തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് കത്തെഴുതി വെച്ച്‌ ആത്മഹത്യ ചെയ്തത്. 31നാണ് രാജേന്ദ്ര മരിക്കുന്നത്. നവംബര്‍ മൂന്നിന് ഭരത്തും, നവംബര്‍ നാലിന് വെങ്കിടേഷും മരിച്ചു. മൂന്ന് പേരുടേയും കണ്ണുകള്‍ ദാനം ചെയ്തതായാണ് വിവരം.

അതിനിടെ പുനീതിന്റെ സമാധിയിടം കര്‍ണ്ണാടക സര്‍ക്കാര്‍ സ്മാരകമാക്കി. പുനീതിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനായി സ്മാരകയിടത്തില്‍ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. കൂടാതെ താരത്തിന് ലഭിച്ച പുരസ്‌കാരങ്ങളും സ്മാരകത്തില്‍ പ്രദര്‍ശിപ്പിക്കും. അച്ഛന്‍ രാജ്കുമാറിന്റെ സ്മാരകമുള്ള ബംഗളൂരുവിലെ കണ്ഡീരവ സ്റ്റുഡിയോയിലാണ് ഈ സ്മാരകവുമുള്ളത്. പത്ത് കോടി മുതല്‍ മുടക്കിലാണ് സ്മാരകം പണി തീര്‍ത്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീതിന്റെ മരണം. സിനിമാ നടന്‍ എന്നതിലുപരി അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. പുനീതിന്റെ മരണത്തോടെ തമിഴ്‌നടന്‍ വിശാല്‍ അതേറ്റെടുക്കാന്‍ തയാറായിരുന്നു. 1,800 കുട്ടികളുടെ പഠനച്ചെലവ് വിശാല്‍ ഏറ്റെടുത്തിരുന്നു. പുനീതിന്റെ സമാധിയിടത്തില്‍ നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. താരത്തിന്റെ വിയോഗം ഇപ്പോഴും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group