ബെംഗളൂരു:വ്യാജവാർത്തകളും സമൂഹമാധ്യങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണവും തടയാൻ നിർമിതബുദ്ധി (എ.ഐ.) ഉപയോഗപ്പെടുത്താൻ കർണാടക സർക്കാർ. ഇതിനായി പ്രത്യേക സോഫ്റ്റ്വേർ വികസി പ്പിക്കാനാണ് പദ്ധതി. 67.2 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭഅംഗീകാരം നൽകി. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ, പോർട്ടലുകൾ തുടങ്ങിയവയിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ തടയാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.ആഭ്യന്തരവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.നിലവിൽ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ തടയാനുള്ള സംവിധാനങ്ങൾ വേണ്ടത്ര ഫലപ്രദമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ‘സോഷ്യൽ മീഡിയ അനലിറ്റിക്സ് സൊല്യൂഷൻസ്’ എന്ന സോഫ്റ്റ്വെയർ ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് നിയമമന്ത്രി എച്ച്.കെ.പാട്ടിൽ പറഞ്ഞു.ഡിജിറ്റൽ ഉള്ളടക്കങ്ങൾ വിശകലനം ചെയ്യുന്നതിനു പുറമേ തീവ്രവാദം, വിദ്വേഷപ്രസംഗങ്ങൾ, വ്യാജവിവരങ്ങൾ, വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യൽ, ക്രമസമാധാനനില തകർക്കും വിധമുള്ള പോസ്റ്റുകൾ തുടങ്ങിയവ കണ്ടത്താൻ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.