തെന്നിന്ത്യൻ ചിത്രം ‘കെജിഎഫ് ചാപ്റ്റർ 2’ നേടുന്ന മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡ് സിനിമയെ പരിഹസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ.ചിത്രം ബോളിവുഡിന് ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.
കെജിഎഫ് നേടുന്ന വിജയം താരങ്ങളേക്കാൾ കൂടുതൽ സിനിമയുടെ നിർമ്മാണത്തിനാണ് പണം മുടക്കേണ്ടത് എന്ന പാഠം നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘കെജിഎഫിന്റെ “മോൺസ്റ്റർ” വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരിൽ പണം നശിപ്പിക്കുന്നതിന് പകരം നിർമ്മാണത്തിൽ മുടക്കിയാൽ മികച്ച ക്വാളിറ്റിയുള്ളതും വിജയം കൈവരിച്ചതുമായ സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്’,
‘റോക്കി ഭായ് മെഷീൻ ഗണ്ണുമായി മുംബൈയിൽ എത്തി വെടിയുതിർത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേൽ യഷ് വെടിയുതിർത്തിരിക്കുകയാണ്. സിനിമയുടെ ഫൈനൽ കളക്ഷൻ ബോളിവുഡിന് നേരെയുള്ള സാൻഡൽവുഡ് ന്യൂക്ലിയർ ബോംബിടുന്നത് പോലെയായിരിക്കും’, പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റർ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെയാണ് എന്നിങ്ങനെയാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റുകൾ.
അതേസമയം കെജിഎഫ് ചാപ്റ്റർ 2വിന്റെ ഇന്ത്യൻ ബോക്സോഫീസിലെ ആദ്യദിന കളക്ഷൻ അണിയറപ്രവത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആദ്യദിനത്തിൽ ഇന്ത്യയിൽ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്.
കന്നഡ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ‘കെജിഎഫ് ചാപ്റ്റർ 2.ലോകമെമ്ബാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിൽ സിനിമ 6500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഹിന്ദി പതിപ്പ് മാത്രം 4000ത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. കെജിഎഫ് ആദ്യ ഭാഗം രണ്ടാഴ്ചകൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. യഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്.
അധീര എന്നാണ് സഞ്ജയ്അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടൺ,മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.