ബെംഗളൂരു: ഗൂഗിള്‍ ഫെബ്രുവരി 19-ന് അനന്ത എന്ന പുതിയ കാമ്പസ് ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു. ഇത് ഗൂഗിളിന്റെ ലോകത്തുള്ള ഏറ്റവും വലിയ ഓഫീസുകളില്‍ ഒന്നാണ്. ബെംഗളൂരുവിലെ മഹാദേവപുരയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
അനന്ത എന്ന പേര് സംസ്കൃതത്തില്‍ നിന്നാണ് . 16 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കാമ്പസിന് 5,000-ത്തിലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. Android, Search, Google Pay, Cloud, Maps, Play, Google DeepMind തുടങ്ങി ഗൂഗിളിന്റെ വിവിധ വിഭാഗങ്ങളുടെ ടീമുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.
അനന്ത കാമ്പസ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോ-ക്രോമിക് ഗ്ലാസ് ഇന്സ്റ്റളേഷനുകളില് ഒന്നാണ്. കൂടാതെ, 100% മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സംവിധാനവും മഴവെള്ളം ശേഖരിക്കല്‍ പോലുള്ള പരിസ്ഥിതി സംരക്ഷണ നടപടികളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.
25 മിനിറ്റ് നീണ്ട പരസ്യം മാനസിക വ്യഥയുണ്ടാക്കിയെന്ന് പരാതി; തീയേറ്ററിന് 65000 രൂപ പിഴയിട്ട് കോടതി
ബെംഗളൂരു: സിനിമ തുടങ്ങുന്നതിന് മുമ്പ് പരസ്യം കാണിച്ച് തന്റെ വിലപ്പെട്ട 25 മിനിറ്റോളം നഷ്ടപ്പെടുത്തിയെന്ന യുവാവിന്റെ പരാതിയിൽ പി.വി.ആർ-ഇനോക്സ് തീയേറ്ററിന് ഉപഭോക്തൃ കോടതി 65000 രൂപ പിഴയിട്ടു. ഒരു ലക്ഷം രൂപ വെൽഫെയർ ഫണ്ടിലേക്കും സംഭാവന ചെയ്യണം.ബെംഗളൂരു സ്വദേശിയായ അഭിഷേകിന്റെ പരാതിയിലാണ് വിധി. 2023 ൽ ആണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം 4.05 ന് തുടങ്ങുന്ന സാം ബഹദൂർ എന്ന സിനിമയുടെ പ്രദർശനത്തിനായിരുന്നു ഇയാൾ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തത്.
എന്നാൽ പരസ്യത്തിന് ശേഷം 4.30 ന് ആണ് സിനിമ തുടങ്ങിയത്. ഇത് കാരണം സിനിമയ്ക്ക് ശേഷം താൻ പ്ലാൻ ചെയ്ത ജോലി സംബന്ധമായ കാര്യങ്ങളൊന്നും നടന്നില്ലെന്നും സമയ നഷ്ടത്തിനൊപ്പം മാനസിക വ്യഥയുണ്ടാക്കിയെന്നുമായിരുന്നു യുവാവിന്റെ പരാതി.കേസ് പരിഗണിച്ച കോടതി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. സമയം പണത്തെ പോലെതന്നെ കണക്കാക്കണമെന്നും ഒരാളുടെ നേട്ടത്തിന് മറ്റുള്ളവരുടെ സമയം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 25-30 മിനിറ്റ് തീയേറ്ററിൽ തനിക്ക് താത്പര്യമില്ലാത്തത് കാണാൻ യുവാവ് നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല അനാവശ്യ പരസ്യങ്ങൾ കാണുകയെന്നത് ടൈറ്റ് ഷെഡ്യൂൾ പിന്തുടരുന്ന തിരക്കുള്ള വ്യക്തികൾക്ക് താങ്ങാനാവുന്ന കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചില പൊതുതാത്പര്യ പരസ്യങ്ങൾ കാണിക്കാൻ തീയേറ്ററുകൾക്ക് നിയപരമായ ബാധ്യതയുണ്ടെന്ന് അധികൃതർ കോടതിയിൽ വാദിച്ചെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചില്ല. മാത്രമല്ല ഇത്തരം പരസ്യങ്ങളുണ്ടെങ്കിൽ സിനിമ തുടങ്ങുന്നതിന് മുമ്പോ രണ്ടാംഭാഗം തുടങ്ങുന്നതിന് മുമ്പ് ഇടവേള സമയത്തോ പത്ത് മിനിറ്റിൽ കൂടുതൽ കാണിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.
പരാതിക്കാരന്റെ സമയം നഷപ്പെടുത്തിയതിനും നീതിയുക്തമല്ലാത്ത നടപടികൾക്കും 50,000 രൂപയാണ് പിഴ. മാനസിക വ്യഥയുണ്ടാക്കിയതിന് 5000 രൂപയും പതിനായിരം രൂപ മറ്റ് കോടതി ചിലവിനും നൽകണം. ഒരുലക്ഷം രൂപ വെൽഫെയർ ഫണ്ടിലേക്കും സംഭാവന ചെയ്യണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 15- ന് ആയിരുന്നു കേസിൽ കോടതി വിധി പറഞ്ഞത്. വിധി പറഞ്ഞ ശേഷം മുപ്പത് ദിവസത്തിനുള്ളിൽ പണം ഉപഭോക്താവിന് നൽകണമെന്നും ഉത്തരവിലുണ്ട്.