ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് ഗൂഗിള്‍ (Google). വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയിൽ (Discrimination lawsuit) നടപടി. ഒടുവിൽ അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ഗൂഗിള്‍. 236 ഓലം തസ്തികകളില്‍ ജോലി ചെയ്യുന്ന 15,500 ഓളം വനിതാ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയെ തുടര്‍ന്ന് 11.8 കോടി യുഎസ് ഡോളർ (ഏകദേശം 920.88 കോടി രൂപ) നല്‍കിയാണ് ഗൂഗിള്‍ പരാതി പരിഹരിക്കുന്നത്.
വനിതകളാണെന്ന പേരില്‍ ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയില്‍ പറയുന്നത്. നഷ്ടപരിഹാരമായി കമ്പനി നല്‍കുന്ന 11.8 കോടി യുഎസ് ഡോളർ 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്യുന്ന 15,500 വനിതാ ജീവനക്കാർക്ക് നൽകും. പരാതിയുടെ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് പുതിയ ജീവനക്കാരെ എടുക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിനും ഒരു മൂന്നാം കക്ഷിയെ കൂടി എടുക്കാന്‍ ധാരണയായിട്ടുണ്ട്.
2017-ലാണ് സ്ത്രീകൾക്ക് കുറഞ്ഞ വേതനം നൽകിയെന്ന പരാതിയുമായി മൂന്ന് സ്ത്രീകൾ ഗൂഗിളിനെതിരെ രംഗത്തു വരുന്നത്. ഇതോടെ ഗൂഗിളിനെതിരെയുള്ള ആദ്യ ലിംഗ വിവേചന കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗൂഗിള്‍ കലിഫോർണിയയിലെ തുല്യ ശമ്പള നിയമം ലംഘിച്ചുവെന്നാണ് വനിതാ ജീവനക്കാർ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കമ്പനിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ഏകദേശം 17,000 ഡോളറോളം വേതന വിടവ് ഉണ്ടെന്നും പരാതിയില്‍ പറയുന്നു. തൊഴിൽപരമായി താഴ്ന്ന നിലയിലാണ് ഗൂഗിൾ സ്ത്രീകളെ പരിഗണിക്കുന്നത്.
ശമ്പളത്തിലെ ലിംഗവിവേചനം മുമ്പും
ആദ്യമായല്ല ലിംഗ വിവേചനത്തിന്റെ പേരിൽ ഗൂഗിൾ പ്രതിക്കൂട്ടിലാകുന്നത്. കഴിഞ്ഞ വർഷമാണ് , ഗൂഗിൾ വനിതാ എൻജിനീയർമാർക്ക് കുറഞ്ഞ വേതനം നൽകുന്നുണ്ടെന്നും ജോലിക്ക് ഏഷ്യൻ അപേക്ഷകരെ അവഗണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേസു വന്നത്. അന്നത് ഒത്തുതീർപ്പാക്കാൻ 2.5 മില്യൺ ഡോളർ നൽകാനും ഗൂഗിള്‍ സമ്മതിച്ചിരുന്നു. കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫെയർ എംപ്ലോയ്‌മെന്റ് ആൻഡ് ഹൗസിങിലെ (DFEH) കറുത്ത വർഗക്കാരായ സ്ത്രീ ജീവനക്കാർക്കെതിരെയുള്ള ആക്രമണം സംബന്ധിച്ച പരാതികളിലും അന്വേഷണം നടക്കുന്നുണ്ട്.