Home കർണാടക ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; യെലഹങ്ക ഫ്ലൈഓവര്‍ ജോലികള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാവും

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; യെലഹങ്ക ഫ്ലൈഓവര്‍ ജോലികള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാവും

by ടാർസ്യുസ്

ബെംഗളൂരു : ഏത് കാലത്തായാലും ബെംഗളൂരു നഗരത്തിന് അപവാദമായി നിലനിന്നിരുന്നത് കടുത്ത ട്രാഫിക് ബ്ലോക്കുകളും മോശം റോഡുകളും ഒക്കെയാണ് അതിപ്പോള്‍ 2026ലും അങ്ങനെ തന്നെയാണ്. എങ്കിലും അതിനെയൊക്കെ മാറ്റിയെടുക്കാൻ തീവ്രമായ ശ്രമങ്ങളാണ് നിലവില്‍ അധികൃതർ അടുത്തകാലത്തായി നടത്തി കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഏറെ ആശ്വാസം പകരുന്ന ഒരു പദ്ധതിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.വടക്കൻ ബെംഗളൂരുവിലെ യാത്രക്കാർക്ക് ഗതാഗതക്കുരുക്കില്‍ നിന്ന് 2026 സെപ്റ്റംബറോടെ മോചനം ലഭിക്കുമെന്നതാണ് അത്. യെലഹങ്ക ഫ്ലൈഓവർ പദ്ധതിക്ക് ഈ സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് ഇപ്പോള്‍ അധികൃതർ. കഴിഞ്ഞ ശനിയാഴ്‌ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ എം. മഹേശ്വര റാവു ബെംഗളൂരു നോർത്ത് കോർപ്പറേഷൻ പ്രദേശങ്ങള്‍ സന്ദർശിച്ച്‌ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഇത്.മാത്രമല്ല പദ്ധതിക്കായി കൈമാറ്റം ചെയ്‌ത ഭൂമി വേലി കെട്ടി സംരക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ദൊഡ്ഡബല്ലാപ്പൂർ മെയിൻ റോഡിലെ 2 കിലോമീറ്റർ നീളമുള്ള ഈ ഫ്ലൈഓവറിന്റെ നിർമ്മാണം 70 ശതമാനം പൂർത്തിയായി കഴിഞ്ഞുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൊത്തം 56 തൂണുകളില്‍ 51 എണ്ണത്തിന്റെ പണി കഴിഞ്ഞു. അഞ്ച് തൂണുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.ആകെയുള്ള 447 സെഗ്മെന്റുകളില്‍ 351 എണ്ണം സ്ഥാപിച്ചു, 96 എണ്ണം കൂടി ബാക്കിയുണ്ടെന്നാണ് ലഭ്യമായ വിവരം. ഇവിടെ നിലനില്‍ക്കുന്ന പ്രധാന വെല്ലുവിളി എന്തെന്നാല്‍ പകല്‍ കനത്ത ഗതാഗതം കാരണം രാത്രിയില്‍ മാത്രമാണ് നിർമ്മാണം നടക്കുന്നത്. എങ്കിലും നിലവിലെ വേഗതയില്‍ ജോലികള്‍ പുരോഗമിക്കുകയാണെങ്കില്‍ എട്ട് മാസത്തിനുള്ളില്‍ തന്നെ പണി പൂർത്തിയാക്കി ഫ്ലൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുക്കും.അതേസമയം, ബെംഗളൂരുവിലെ മറ്റ് റോഡുകളുടെ നിർമ്മാണ പുരോഗതിയിലും അധികൃതർ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഹെന്നൂർ-ബാഗലൂർ റോഡിലെ 5 കിലോമീറ്റർ വൈറ്റ് ടോപ്പിംഗ് ജോലിയും റാവു വിലയിരുത്തി. റോഡിന്റെ ഒരു വശത്ത് 4 കിലോമീറ്റർ പൂർത്തിയായിയിരുന്നു. ശേഷിക്കുന്ന 1 കിലോമീറ്റർ 15 ദിവസത്തിനുള്ളില്‍ തീർക്കുമെന്നാണ് പ്രതീക്ഷ. ഒരു മാസത്തിനുള്ളില്‍ മറുവശത്തെ പണികള്‍ക്ക് തുടക്കമിടുമെന്നാണ് വിവരം.അതുപോലെ യെലഹങ്കയിലെ റെയില്‍വേ അണ്ടർ ബ്രിഡ്‌ജ്‌ നിർമ്മാണത്തില്‍ ഒരു വശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ബോക്‌സ്-പുഷിംഗ് നടപടികളും അവസാനിച്ചു. എന്നാല്‍, റെയില്‍വേ ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം മറുവശത്തെ പണികള്‍ തടസപ്പെട്ടിരിക്കുകയാണ്. ഈ പ്രശ്‌നം വേഗത്തില്‍ പരിഹരിച്ച്‌ ബാക്കിയുള്ളവ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ജിബിഎ ചീഫ് കമ്മീഷണർ ആവശ്യപ്പെട്ടു. റോഡ് വീതികൂട്ടാൻ നടപടികള്‍ തുടങ്ങാനും അദ്ദേഹം നിർദ്ദേശിച്ചു.ഈ പദ്ധതികള്‍ പൂർത്തിയാകുന്നതോടെ യെലഹങ്കയിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർക്ക് ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവുണ്ടാകുമെന്നും യാത്രാ സമയം മെച്ചപ്പെടുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.നിലവിലെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന ഈ മേഖലയിലെ സദാസമയവും ഗതാഗത കുരുക്ക് പതിവാണ്. അതിന് പരിഹാരമാവുന്ന പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group