Home കർണാടക സ്വര്‍ണവും പണവും നഷ്ടമാകുന്നത് പതിവായി, എങ്ങും ഭീതി; അന്വേഷണം ചെന്നെത്തിയത് കരിമ്പ് വിളവെടുപ്പിനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട ആറംഗ സംഘത്തില്‍

സ്വര്‍ണവും പണവും നഷ്ടമാകുന്നത് പതിവായി, എങ്ങും ഭീതി; അന്വേഷണം ചെന്നെത്തിയത് കരിമ്പ് വിളവെടുപ്പിനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട ആറംഗ സംഘത്തില്‍

by ടാർസ്യുസ്

ബെംഗളൂരു: കർണാടകത്തിലെ ബാഗല്‍കോട്ടില്‍ കരിമ്പ് വിളവെടുപ്പിനുള്ള തൊഴിലാളികളെന്ന വ്യാജേന എത്തി കവർച്ച നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെ പിടികൂടി പൊലീസ്.മഹാരാഷ്ട്ര സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 76 ഗ്രാം സ്വർണം കണ്ടെടുത്തു.ബാഗല്‍കോട്ട ജില്ലയിലെ ഗുലേഡഗുഡ്ഡ, മമറെഡ്ഡികൊപ്പ, ഗഡഗ് ജില്ലയിലെ ഹോളിഹദഗളി. ഇവിടങ്ങളില്‍ ദിവസങ്ങളായി തുടർന്നിരുന്ന ഭീതിയാണ് ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതോടെ അവസാനിച്ചത്. രാത്രികാലങ്ങളില്‍ മോഷണം പതിവായതോടെ പല വീടുകളില്‍ നിന്നും സ്വർണവും പണവും നഷ്ടപ്പെട്ടിരുന്നു.

മൂന്ന് പൊലീസ് സ്റ്റേഷൻ പരിധികളിലായി ഇത്തരത്തില്‍ ആറ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് മഹാരാഷ്ട്രയില്‍ നിന്നെത്തി കരിമ്പ് വിളവെടുപ്പ് തൊഴിലാളികള്‍ എന്ന നിലയില്‍ പ്രദേശത്ത് തമ്പടിച്ചിരുന്ന സംഘത്തിലേക്ക് എത്തിയത്.പകല്‍ തോട്ടങ്ങളില്‍ തൊഴിലാളികള്‍ എന്ന നിലയില്‍ ജോലി ചെയ്യുകയും പറ്റിയ വീടുകള്‍ കണ്ടെത്തി രാത്രികാലങ്ങളില്‍ മോഷണത്തിനിറങ്ങുന്നതുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ മോഷണം നടത്തുന്നതിനിടെ പ്രദേശത്തെ ഒരു വീടിന്റെ സിസിടിവി ക്യാമറകളില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞതാണ് പൊലീസിന് തുമ്പായത്. പിടിയിലായ ആറംഗ സംഘത്തില്‍ സ്ത്രീകളുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത ഗുലേഡഗുഡ്ഡ പൊലീസ് ഇവരില്‍ നിന്ന് 76 ഗ്രാം സ്വർണവും കണ്ടെടുത്തു. ഇവർ മാത്രമാണോ കവർച്ച നടത്തിയത് അതോ മഹാരാഷ്ട്രയില്‍ നിന്ന് കൂടുതല്‍ പേർ എത്തിയിരുന്നോ എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group