ബെംഗളൂരു: ബ്രിഗേഡ് റോഡിലെ ഷോപ്പിങ് കോപ്ലക്സിൽ നിന്ന് കോണിയിറങ്ങുമ്പോൾ കാൽ തെന്നി 2-ാം നിലയിൽ നിന്ന് താഴേക്ക് വീണു യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്.ഫ്രെസർ ടൗൺ സ്വദേശിയും ബികോം വിദ്യാർഥിനിയുമായ ലിയ (20) ആണ് മരിച്ചത്.
സുഹൃത്ത് ക്രിസ്പീറ്റർ (20) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് മുകൾ നിലയിലെ കൂൾബാറിൽ നിന്ന് ജുസ് കുടിച്ച് തിരിച്ചിറങ്ങുമ്പോഴാണ് അപകടം. കോണിപ്പടിക്ക് സമീപം വായു ലഭിക്കാൻ വേണ്ടി തുറന്നുവച്ച അഴിയില്ലാത്ത ഗ്ലാസ് പാനലിന്റെ വിടവിലൂടെയാണ് ലിയ താഴേക്കു വീണത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലിയയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കെട്ടിടത്തിന്റെ സുരക്ഷ വീഴ്ച ഉൾപ്പെടെ കണ്ടെത്തിയതായും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ്ക ഡെപ്യൂട്ടി കമ്മിഷണർ എസ്.ഡി.ശരണപ്പ പറഞ്ഞു. കബൺ പാർക്ക് പൊലീസ് കേസെടുത്തു.
അഴിയില്ലാതെ ഗ്ലാസ് പാനലുകൾ:
സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയാണ് ബ്രിഗേഡ് റോഡിൽ യുവതിയുടെ മരണത്തിനിടയാക്കിയത്. 2 വർഷം മുൻപ് സമീപത്തെ ചർച്ച്സ്ട്രീറ്റിലെ പബ്ബിൽ നിന്ന് കോണിപ്പടി ഇറങ്ങുകയായിരുന്നു യുവാവും യുവതിയും ഗ്ലാസ് പാനലിലൂടെ താഴേക്ക് വീണു മരിച്ചിരുന്നു.
അഴികൾപോലുമില്ലാതെ ഒരാൾക്ക് പ്രവേശിക്കാൻ പാകത്തിലാണ് ഗ്ലാസ് പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. വായുവും സൂര്യപ്രകാശവും ലഭിക്കുന്നതിനായി തുറന്നിടുന്ന പാനലുകൾക്ക് അഴികൾ സ്ഥാപിക്കണമെന്ന് മുൻകാലങ്ങളിലെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിട ഉടമകൾക്ക് അഗ്നി സുരക്ഷ വിഭാഗം നിർദേശം നൽകിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല.
എമർജൻസി ജനലുകൾ എന്ന പേരിലാണ് ഇതിനെ മറികടക്കുന്നത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ ഉൾപ്പെടുന്ന ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, എംജി റോഡ് എന്നിവിടങ്ങളിലെ പബ്ബുകളിലും ഹോട്ടലുകളിലും വാരാന്ത്യ ആഘോഷത്തിനായി നൂറുകണക്കിന് യുവതീയുവാക്കളാണ് എത്തുന്നത്.
മദ്യത്തിനും ഭക്ഷണത്തിനുമായി വൻതുക ഈടാക്കുന്ന ഇവിടങ്ങളിൽ പക്ഷേ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ് അപകടങ്ങളിൽ കലാശിക്കുന്നത്.