Home Featured ‘സുല്‍ത്താന്‍’ വിടപറഞ്ഞു: 21 കോടി മോഹവില പറഞ്ഞ ഭീമന്‍ പോത്ത് ചത്തു

‘സുല്‍ത്താന്‍’ വിടപറഞ്ഞു: 21 കോടി മോഹവില പറഞ്ഞ ഭീമന്‍ പോത്ത് ചത്തു

by കൊസ്‌തേപ്പ്

ഹരിയാന: 21 കോടിയുടെ മോഹവില കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ‘സുല്‍ത്താന്‍’ പോത്ത് ഇനിയില്ല. വലിപ്പം കൊണ്ടും ശരീരഘടന കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ‘സുല്‍ത്താന്‍ ജോട്ടെ’ എന്ന ഭീമന്‍ പോത്ത് ചത്തു. പെട്ടെന്നുണ്ടായ ഹൃദയാഘതത്തെ തുടര്‍ന്നാണ് കൂറ്റന്‍ പോത്തിന്റെ അന്ത്യം.

ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാല എന്ന വ്യക്തിയുടേതായിരുന്നു 21 കോടിയോളം രൂപ മോഹ വില പറഞ്ഞ പോത്ത്. പലയിടത്തുനിന്നും കോടികളുടെ വാഗ്ദാനം വന്നപ്പോഴും സുല്‍ത്താന്‍ ജോട്ടെയെ വില്‍ക്കുന്നില്ല എന്നായിരുന്നു ഉടമസ്ഥന്റെ നിലപാട്. എത്ര കോടികള്‍ ലഭിച്ചാലും സുല്‍ത്താനെ വില്‍ക്കില്ലെന്ന് പറഞ്ഞ നരേഷ്, സുല്‍ത്താന്‍ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നും പറയുമായിരുന്നു.

രാജസ്ഥാന്‍ കന്നുകാലി മേളയിലൂടെയാണ് സുല്‍ത്താന്‍ രാജ്യത്തെ ശ്രദ്ധാകേന്ദ്രമാകുന്നതും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതും. രാജസ്ഥാനിലെ പുഷ്‌കര്‍ കന്നുകാലി മേളയില്‍ മോഹവിലയായി 21 കോടി രൂപയാണ് സുല്‍ത്താനായി ഒരാള്‍ വാഗ്ദാനം ചെയ്തത്. പക്ഷേ സുല്‍ത്താനെ വില്‍ക്കാന്‍ തയ്യാറല്ലെന്ന് ഉടമ നരേഷ് അപ്പോള്‍ തന്നെ മറുപടി പറഞ്ഞു. 2013-ല്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ നടന്ന അഖിലേന്ത്യ അനിമല്‍ ബ്യൂട്ടി മത്സരത്തിലെ ജേതാവ് കൂടിയായിരുന്നു സുല്‍ത്താന്‍ ജോട്ടെ.

1200 കിലോയോളം തൂക്കമുണ്ടായിരുന്ന അജാനബാഹുവായ സുല്‍ത്താന്റെ ഇഷ്ട ഭക്ഷണം ആപ്പിളും ക്യാരറ്റുമൊക്കെയാണ്. 15 കിലോ ആപ്പിളും 20 കിലോ ക്യാരറ്റുമാണ് നരേഷ് ബെനിവാല പോത്തിന് ദിവസവും നല്‍കിയിരുന്നത്. ഇതിന് പുറമേ ലിറ്റര്‍ കണക്കിന് പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലുമെല്ലാം സുല്‍ത്താന്റെ ഓരോ ദിവസത്തിലെയും മെനുവില്‍ ഇടം പിടിച്ചിരുന്നു. പാലും നെയ്യുമെല്ലാം യഥേഷ്ടം കഴിച്ചിരുന്ന സുല്‍ത്താന്‍ ജോട്ടെക്ക് മറ്റൊരു ശീലം കൂടിയുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യവും അകത്താക്കിയിരുന്നു.

വളരെ പെട്ടെന്ന് മാധ്യമശ്രദ്ധ നേടിയ സുല്‍ത്താന്റെ പ്രശസ്തി രാജ്യവ്യാപകമായതോടെ പോത്തിന്റെ ബീജത്തിനായുള്ള ആവശ്യവും വര്‍ധിച്ചു. ഇതോടെ പ്രതിവര്‍ഷം 30000ത്തില്‍പ്പരം ഡോസ് ബീജമാണ് ഈ ഭീമന്‍ പോത്തിന്റേതായി വിറ്റുകൊണ്ടിരുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപ വരുമാനമുണ്ടായിരുന്നതായും ഉടമ നരേഷ് ബെനിവാല പറഞ്ഞിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group