Home കർണാടക ടെക്കികള്‍ക്ക് സന്തോഷവാര്‍ത്ത; ബെംഗളൂരുവില്‍ 800-ലേറെ തൊഴിലവസരങ്ങള്‍: ഓഫീസ് തുറന്ന് ജര്‍മ്മന്‍ ടെക് കമ്പനി

ടെക്കികള്‍ക്ക് സന്തോഷവാര്‍ത്ത; ബെംഗളൂരുവില്‍ 800-ലേറെ തൊഴിലവസരങ്ങള്‍: ഓഫീസ് തുറന്ന് ജര്‍മ്മന്‍ ടെക് കമ്പനി

by ടാർസ്യുസ്

ബെംഗളൂരു: വമ്പന്‍ തൊഴിലവസരങ്ങളുമായി ജര്‍മ്മനിയില്‍ നിന്നുള്ള കമ്പനി. ജര്‍മ്മനിയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ ഓട്ടോമേഷന്‍ സാങ്കേതികവിദ്യാ സ്ഥാപനമായ ഫെസ്റ്റോയാണ് ബെംഗളൂരുവില്‍ തങ്ങളുടെ പുതിയ ഗ്ലോബല്‍ കപ്പാസിറ്റി സെന്റര്‍ (ജിസിസി) ആരംഭിച്ചത്.കമ്പനിയുടെ ആഗോള തലത്തിലുള്ള ആദ്യത്തെ ജിസിസിയാണിത്. നാലു വര്‍ഷത്തിനുള്ളില്‍ ഏകദേശം 800-ലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യത്തെ ജിസിസിക്കായി കമ്പനി ബെംഗളൂരു തന്നെ തിരഞ്ഞെടുത്തത് ആ നഗരത്തിന്റെ സാങ്കേതിക മികവിനുള്ള അംഗീകാരമാണ്.ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപം 71,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓഫീസ് സ്‌പേസ് ഒരുക്കിയിരിക്കുന്നത്. ഇതിനകം തന്നെ 250-ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ജീവനക്കാരുടെ എണ്ണം 600 മുതല്‍ 800 വരെയായി വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയിലെ എന്‍ജിനീയറിങ് പ്രതിഭകളെ പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങള്‍ നല്‍കുന്നതിലൂടെ ഓട്ടോമേഷന്‍ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫെസ്റ്റോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രവി ശാസ്ത്രി വ്യക്തമാക്കി.മുപ്പത്തിയഞ്ചോളം വ്യത്യസ്ത വ്യവസായ മേഖലകളില്‍ വൈദഗ്ധ്യമുള്ള ടെക് കമ്പനിയാണിത്. 2030 ആകുന്നതോടെ 600 മുതല്‍ 800 വരെ പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2025-ല്‍ 3.5 ബില്യണ്‍ യൂറോയിലധികം വരുമാനം രേഖപ്പെടുത്തിയ കമ്പനിയാണ് ഫെസ്റ്റോ. ഇന്‍ഡസ്ട്രി 4.0, ഓട്ടോമേഷന്‍, സ്മാര്‍ട്ട് മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള കമ്പനിയുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഡിജിറ്റല്‍ സൊല്യൂഷനുകള്‍ക്കും പിന്തുണ നല്‍കുന്ന തന്ത്രപ്രധാന കേന്ദ്രമായി ബെംഗളൂരുവിലെ സ്ഥാപനം പ്രവര്‍ത്തിക്കും.അഡ്വാന്‍സ്ഡ് എന്‍ജിനീയറിങ്, ഡിജിറ്റല്‍ സൊല്യൂഷനുകള്‍, സോഫ്റ്റ്വെയര്‍ വികസനം, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്. തൊഴിലവസരങ്ങളും ഈ വിഭാഗത്തിലായിരിക്കും. അലോക് മഹേശ്വരിയാണ് ബെംഗളൂരു ജിസിസിയുടെ മേധാവി.1963 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ഫെസ്റ്റോ. 1986 മുതലാണ് രാജ്യത്ത് കമ്പനിക്ക് സ്ഥിരമായ വളര്‍ച്ച നേടാന്‍ കഴിഞ്ഞത്. നിലവില്‍ രാജ്യത്തുടനീളം 1,000-ലധികം ജീവനക്കാരാണ് കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്. 25,000-ത്തോളം ഉപഭോക്താക്കള്‍ക്കും വിവിധ വ്യവസായ പങ്കാളികള്‍ക്കുമായി ആധുനിക ഓട്ടോമേഷന്‍ സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. വ്യാവസായിക ഓട്ടോമേഷന്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പാക്കുന്നതിലും ഭാവിയിലേക്ക് ആവശ്യമായ വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിലും കമ്പനി നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.ആഗോളതലത്തില്‍ സോഫ്റ്റ്വെയര്‍, ഡിജിറ്റലൈസേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്ന കേന്ദ്രമായി ബെംഗളൂരുവിലെ ജിസിസിയെ മാറ്റാനാണ് കമ്പനിയുടെ നീക്കം.

You may also like

error: Content is protected !!
Join Our WhatsApp Group