Home കർണാടക ഗ്യാസ് വേണ്ടാത്ത നാരങ്ങാ വെള്ളത്തിനും ‘ഗ്യാസ് ക്രൈസിസ് ചാര്‍ജ്’; വില കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

ഗ്യാസ് വേണ്ടാത്ത നാരങ്ങാ വെള്ളത്തിനും ‘ഗ്യാസ് ക്രൈസിസ് ചാര്‍ജ്’; വില കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

by ടാർസ്യുസ്

ബെംഗളൂരു: പാചകവാതക പ്രതിസന്ധി സമൂഹത്തിന്‍റെ സകല മേഖലകളെയും താളം തെറ്റിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഹോട്ടല്‍ വ്യവസായത്തെയാണെങ്കിലും ഇതെല്ലാം ഇരുട്ടടിയാകുന്നത് പൊതുജനത്തിനാണ്.പ്രതിസന്ധി മുതലെടുത്ത് പലതിനും അധികചാര്‍ജ് ഈടാക്കുകയാണ്. ബെംഗളൂരുവിലെ ഒരു കഫേയില്‍ നിന്നുള്ള ബില്ലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ഒരു നാരങ്ങാവെള്ളത്തിന് 374 രൂപയാണ് കഫേ ഈടാക്കിയിരിക്കുന്നത്.ബില്ലില്‍ മൊത്തം തുകയ്‌ക്കൊപ്പം 5 ശതമാനം അധിക ഗ്യാസ് ക്രൈസിസ് ചാർജ് കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ബംഗളൂരുവിലെ തിയോ കഫേയില്‍ നിന്നുള്ള ബില്ല് ഉപഭോക്താവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ കഫേക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. പാചക വാതകം ആവശ്യമില്ലാത്ത ഒരു പാനീയമായ മിന്‍റ് ലൈമിന് പോലും അധിക തുക ഈടാക്കിയതാണ് വിവാദമായത്. കഫേയിലെ മിന്‍റ് ലൈമിന്‍റെ വില 358 രൂപയാണ്. ഗ്യാസ് ക്രൈസിസ് ചാര്‍ജായി 17 രൂപയാണ് ചുമത്തിയിരിക്കുന്നത്.പകല്‍ക്കൊള്ള എന്നാണ് നെറ്റിസണ്‍സ് ഇതിനെ വിശേഷിപ്പിച്ചത്. ഗ്യാസ് ഉപയോഗിക്കാതെ ഉണ്ടാക്കുന്ന നാരങ്ങാവെള്ളത്തിന് എന്തിനാണ് ‘ഗ്യാസ് ചാർജ്’ ഈടാക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്.’ഇനി അടുത്ത തവണ ശ്വസിക്കുന്ന വായുവിനും ചാർജ് ഈടാക്കുമോ?’ എന്ന തരത്തിലുള്ള പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.ബെംഗളൂരുവിലെ റെസ്റ്റോറന്റുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group