ബെംഗളൂരു: അപ്പാർട്മെന്റുകളിൽ വീട്ടു വേലയുടെ മറവിൽ കവർച്ച നടത്തുന്ന സംഘത്തിലെ മുംബൈ സ്വദേശികളായ 3 സ്ത്രീകൾ പിടിയിൽ. പ്രിയങ്ക രാജേഷ് മൊഗര (29), മഹാദേവി (26), വനിതാ ഗെയ്ക്ക്ദ് (37) എന്നിവരെയാണ് ഹെന്നൂർ പൊലീസ് മുംബൈയിൽ നിന്ന് പിടികൂടിയത്. മോഷ്ടിച്ച 250 ഗ്രാം സ്വർണവും 100 ഗ്രാം വെള്ളി ആഭരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കർണാടക സ്വദേശിനികൾ എന്ന പേരിലുള്ള വ്യാജ തിരിച്ചറിയൽ രേഖകളാണ് ഇവർ ഉടമകൾക്ക് നൽകുന്നത്.ജോലിക്ക് കയറി ഒരാഴ്ചയ്ക്കുള്ളിൽ കവർച്ച നടത്തി രക്ഷപ്പെടുന്നതാണു രീതി. ഹെന്നൂരിൽ താമസിക്കുന്ന വ്യവസായി അരവിന്ദിന്റെ വസതിയിൽ ജോലിക്കെത്തിയ മഹദേവി മേയ് 6ന് കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.
ഇവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മറ്റു 2 പേർ പിടിയിലായത്. പിയു വരെ പഠിച്ച പ്രിയങ്കയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഫോൺ നമ്പർ ഉൾപ്പെടെ നൽകി ആവശ്യക്കാരെ തേടുന്നത്.