ബംഗളൂരു: മെഡിക്കല്‍ പി.ജി സീറ്റ് വാഗ്ദാനംചെയ്ത് വിദ്യാര്‍ഥിയില്‍നിന്ന് 2.1 കോടി രൂപ തട്ടിയെടുത്തതായി പരാതി.ആന്ധ്രപ്രദേശ് സ്വദേശിയും മഹാദേവപുര കുന്ദലഹള്ളിയില്‍ താമസക്കാരനുമായ മോഹിത് റെഡ്ഡി (28)യുടെ പരാതിയില്‍ മഞ്ചപ്പ (45), വിരുപക്ഷപ്പ (42), ദേവേന്ദ്ര നായ്ക് (48), കിരണ്‍ (38), ഭരത് (40), ശരത് എന്നിവര്‍ക്കെതിരെ വി.വി.പുരം പൊലീസ് കേസെടുത്തു. 2021 ഡിസംബറിനും 2023 നവംബറിനുമിടയില്‍ പല ഘട്ടങ്ങളിലായാണ് ഇത്രയും തുക തട്ടിയെടുത്തതെന്നാണ് പരാതി. 2018ല്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ റെഡ്ഡി പി.ജി പ്രവേശത്തിന് ശ്രമിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനത്തിനുള്ള റാങ്ക് നേടാനായില്ല. 2021 ഡിസംബറില്‍ ദുര്‍ഗാപ്രസാദ് എന്നയാള്‍ വഴി മഞ്ചപ്പയെയും വിരുപക്ഷപ്പയെയും പരിചയപ്പെട്ടു.
ബംഗളൂരുവിലെ പ്രശസ്തമായ ഒരു മെഡിക്കല്‍ കോളജില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയൻസസ് പരിസരത്തുവെച്ച് റെഡ്ഡി ഇവര്‍ക്ക് 25 ലക്ഷം രൂപ കൈമാറി.മഞ്ചപ്പയും വിരുപക്ഷപ്പയും പിന്നീട് നായ്ക്, കിരണ്‍, ഭരത്, ശരത് എന്നിവരെ റെഡ്ഡിക്ക് പരിചയപ്പെടുത്തി. കര്‍ണാടക എക്സാമിനേഷൻ അതോറിറ്റിയില്‍ റെഡ്ഡിയുടെ പേര് എൻറോള്‍ ചെയ്തതായി ഇവര്‍ വ്യാജരേഖയുണ്ടാക്കി.
കൂടുതല്‍ പണം കൈപ്പറ്റിയ ശേഷം വ്യാജ നീറ്റ് സ്കോര്‍ കാര്‍ഡും വെരിഫിക്കേഷൻ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളുമുണ്ടാക്കി. എന്നാല്‍, റെഡ്ഡിയും പിതാവും പ്രസ്തുത കോളജില്‍ ബന്ധപ്പെട്ടപ്പോള്‍ പി.ജി പ്രവേശനത്തിന് പേര് ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടതോടെയാണ് സംശയമുയര്‍ന്നത്. തുടര്‍ന്ന് പ്രതികളെ ബന്ധപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറി. പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികളെ ഉടൻ പിടികൂടുകയായിരുന്നു.