ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 80 -ാം വാർഷികത്തിൽ യുപിയിലെ നോയിഡയിൽ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ഏകദേശം 20 അടി ഉയരമുള്ള ആ പ്രതിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സ്വപ്‍നം, മറിച്ച് വൃത്തിയുള്ള, സത്യമുള്ള ഒരു ഇന്ത്യ കൂടിയായിരുന്നു.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ പ്രതിമ കൂടുതൽ ചർച്ചയാകുന്നു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 1,000 കിലോ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് രാഷ്ട്രപിതാവിന്റെ പ്രതിമ നിർമ്മിച്ചത്. എച്ച്സിഎല്ലുമായി സഹകരിച്ച് നോയിഡ സർക്കാരാണ് ഈ പ്രതിമ നിർമിച്ചത്. സെക്ടർ 137 -ലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധിയുടെ പ്രതിമ ആന്തരികവും, ബാഹ്യവുമായ ശുചിത്വത്തെ പ്രധിനിധീകരിക്കുന്നു.
നഗരം വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങളെ ഓർമ്മിപ്പിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ഈ പ്രതിമ. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ജൂലൈ 1 -ന് നഗരസഭ ഔദ്യോഗികമായി നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം ഇപ്പോഴും അധികാരികൾ നടത്തിക്കൊണ്ടിരിക്കയാണ്.
അതേസമയം, രാജസ്ഥാനിൽ, ഒരു പെട്രോൾ പമ്പ് ഉടമ ഒഴിഞ്ഞ പാൽ കവറുകളുമായി വരുന്നവർക്ക് ഒരു ലിറ്റർ പെട്രോളിന് 1 രൂപ കിഴിവ് വാഗ്ദാനം ചെയ്യുകയുണ്ടായി. ഭിൽവാരയിലെ അശോക് കുമാർ മുണ്ട്രയാണ് ഈ നൂതന ആശയം കൊണ്ട് വന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ശരിയായ സംസ്ക്കരണം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. “പ്ലാസ്റ്റിക്, പോളിത്തീൻ എന്നിവയുടെ ഉപയോഗത്തിനെതിരായ അവബോധം സൃഷ്ടിക്കുന്നതിനാണ് ഞാൻ ഈ കാമ്പയിൻ ആരംഭിച്ചത്.
എന്റെ നഗരത്തെ പ്ലാസ്റ്റിക് രഹിത നഗരമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഇത് പരിസ്ഥിതിയെ മാത്രമല്ല, അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക്, പ്രത്യേകിച്ച് പശുക്കൾക്ക് ഭീഷണിയാണ്” അദ്ദേഹം പിടിഐയോട് പറഞ്ഞു. എന്നാൽ ആളുകളുടെ അടുത്ത് നിന്ന് വേണ്ടരീതിയിൽ പ്രതികരണം ഒന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. കുറഞ്ഞത് മാസം 10,000 കവറുകളെങ്കിലും സംഭരിക്കാൻ കഴിയുമെന്ന് കരുതിയ അദ്ദേഹത്തിന് എന്നാൽ ആകെ 700 എണ്ണം മാത്രമേ സംഭരിക്കാൻ കഴിഞ്ഞുള്ളൂ. അദ്ദേഹം ശേഖരിക്കുന്ന പാൽ കവറുകൾ അവിടെയുള്ള ഒരു ഡയറി ഫാമിലേയ്ക്ക് അയക്കുകയാണ് ചെയ്യുന്നത്.