മംഗളൂരു: പശുക്കളെ അറവുശാലയിലേക്കു കൊണ്ടുപോയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ അംബ്ലമോഗാരു ഗ്രാമത്തില്‍നിന്ന് പശുക്കളെ വിലകൊടുത്തു വാങ്ങിയശേഷം മിനി വാനില്‍ ഉള്ളാള്‍ താലൂക്കിലെ അലേകലയിലെ അറവുശാലയിലേക്കു കൊണ്ടുപോവുകയായിരുന്നു ഇവരെന്നു പോലീസ് പറഞ്ഞു.
യാത്രയ്ക്കിടെ വാഹനം കേടായി. നാട്ടുകാരുടെ സഹായത്തോടെ വാഹനം തള്ളുന്നതിനിടെ ടാര്‍പോളിനില്‍ മറച്ചനിലയില്‍ പശുക്കളെ കണ്ടതു ചിലര്‍ ചോദ്യം ചെയ്തതോടെ നാലുപേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാരുടെ പരാതിയില്‍ കാലിസംരക്ഷണം-അറവുനിരോധനം നിയമപ്രകാരം പോലീസ് കേസെടുത്തു. വാഹനത്തിലുണ്ടായിരുന്ന അഹമ്മദ് ഇര്‍സാദ്, ഖാലിദ്, ജാഫര്‍ സാദിക്, ഫയാസ് എന്നിവരെ പോലീസ് പിന്നീടു പിടികൂടുകയായിരുന്നു. ഇവരില്‍ ഖാലിദ് കാസര്‍ഗോഡ് സ്വദേശിയാണ്. മറ്റുള്ളവര്‍ ഉള്ളാല്‍ സ്വദേശികളും.
ഇനി ബി.ബി.എം.പി തെരഞ്ഞെടുപ്പ് ചൂടിലേക്ക്:ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി ബംഗളൂരു കോര്‍പറേഷൻ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നാട്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) എന്ന ബംഗളൂരു കോര്‍പറേഷൻ ആകെ ഒമ്ബതു ജില്ലകളും 28 മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ്.2020ല്‍ കൗണ്‍സിലിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം ബി.ബി.എം.പിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കോവിഡും വാര്‍ഡുവിഭജനത്തിന് ശേഷമുണ്ടായ നിയമപ്രശ്‌നങ്ങളുമാണ് തെരഞ്ഞെടുപ്പിന് തടസ്സമായത്.
198 വാര്‍ഡുകളുണ്ടായിരുന്ന മുന്‍ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ നേടി ബി.ജെ.പിയായിരുന്നു അധികാരത്തില്‍. 76 സീറ്റുകള്‍ കോണ്‍ഗ്രസിനും 14 സീറ്റുകള്‍ ജെ.ഡി.എസിനും ലഭിച്ചു. ഇത്തവണ വാര്‍ഡുകളുടെ എണ്ണം 243 ആണ്. 122 സീറ്റുകളാണ് കേവലഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്.തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക തയാറാക്കാനും തെറ്റുതിരുത്താനും ബൂത്തുതല ഉദ്യോഗസ്ഥര്‍ക്കും അസി. റവന്യൂ ഓഫിസര്‍മാര്‍ക്കുമുള്ള പരിശീലന ക്യാമ്ബ് ബി.ബി.എം.പിയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. വിവിധ ബാച്ചുകളായി നടത്തുന്ന ക്യാമ്ബ് ജൂലൈ 20ന് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
21 മുതല്‍ ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. പുതിയ വാര്‍ഡുകള്‍ രൂപവത്കരിച്ചശേഷമുള്ള വോട്ടര്‍പട്ടിക തയാറാക്കല്‍ ഏറെ ശ്രമകരമായ ജോലിയായാണ് വിലയിരുത്തുന്നത്.
തയാറെടുപ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ :ബി.ബി.എം.പി തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസും ജെ.ഡി.എസും ബി.ജെ.പിയും കോര്‍പറേഷന്‍ പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പൻ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് കോണ്‍ഗ്രസ് ബി.ബി.എം.പി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ജനപ്രിയമായ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞത് ഈ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ബംഗളൂരുവിന്റെ ചുമതലകൂടിയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുന്‍ കോണ്‍ഗ്രസ് മേയര്‍മാരുമായി ചര്‍ച്ച നടത്തി. മുന്നോട്ടുവെക്കേണ്ട വികസന പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ അദ്ദേഹം മുന്‍ മേയര്‍മാരോട് ആവശ്യപ്പെട്ടു. എം. രാമചന്ദ്രപ്പക്കാണ് ഇതിനുള്ള ചുമതല. ബംഗളൂരുവിലെ നേതാക്കളെ ഉള്‍പ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്കുമുമ്ബ് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു.
ഗ്രൂപ് തര്‍ക്കങ്ങള്‍ മാറ്റിനിര്‍ത്തി ഓരോ വാര്‍ഡിലും ഒന്നിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അദ്ദേഹം പ്രദേശിക നേതാക്കളോട് ആവശ്യപ്പെട്ടു. ബി.ബി.എം.പിയില്‍ നിര്‍ണായക ശക്തിയാവുകയാണ് ജെ.ഡി.എസ് ലക്ഷ്യം. വാര്‍ഡുതലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ബി.ജെ.പി നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മുന്‍ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്തുനടന്ന വാര്‍ഡ് വിഭജനം പാര്‍ട്ടിക്ക് വലിയ നേട്ടമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പുതിയ വാര്‍ഡുകള്‍ രൂപവത്കരിച്ചതോടെ കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റേയും സ്വാധീന മേഖലകള്‍ മാറിമറിഞ്ഞെന്നും ഇത് തങ്ങള്‍ക്കനുകൂലമാകുമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.