മുൻ സർവകലാശാല ഫുട്‌ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം.മൃതദേഹം വൈകിട്ട് കോട്ടയം വാരിശേരിയിലെ സോക്കർ കോട്ടേജില്‍ എത്തിക്കും. കബറടക്കം നാളെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദില്‍ നടക്കും.എം.ജി.സർവകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച ഇബ്രാഹിംകുട്ടി കേരള സ്പോർട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ആയിരുന്നു. 1969-70ല്‍ കേരള സർവകലാശാലയ്ക്കു വേണ്ടി കളിച്ച ഇബ്രാഹിംകുട്ടി മുമ്പ് ബാംഗ്ലൂർ സർവകലാശാലയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 70-71 ല്‍ കേരളയിലെ മികച്ച കളിക്കാരനായി അദ്ദേഹം മാറി.1969 ല്‍ ഫാക്ടിന്‍റെയും 71-75 ല്‍ കെ.എസ്.ഇ.ബിയുടേയും താരമായിരുന്നു അദ്ദേഹം. 1976 ല്‍ കെ.എസ്.ഇ.ബിയുടെ കോച്ചായി അദ്ദേഹം ചുമതലയേറ്റു. 79 മുതല്‍ 85 വരെ കേരള സർവകലാശാലാ പരിശീലകൻ ആയിരുന്നു. പിന്നീട് എം.ജി.യിലും ഉണ്ടായിരുന്നു.