Home കേരളം കുഴിമന്തി കഴിച്ച് പെൺകുട്ടി മരണപ്പെട്ടു

കുഴിമന്തി കഴിച്ച് പെൺകുട്ടി മരണപ്പെട്ടു

കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.

കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്.ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച മറ്റു ചിലർക്കും സമാനമായ രീതിയിൽ ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. നിലവിൽ അവരുടെ ആരോഗ്യ സ്ഥിതിയിൽ നിലവിൽ പ്രശ്നങ്ങളില്ല. ഒരാഴ്ചക്കിടെ രണ്ട് പേരാണ് സമാനമായ രീതിയിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. സംസ്ഥാന വ്യാപമായി ഹോട്ടലുകളിൽ പരിശോധന തുടരുന്നതിനിടെയാണ് രണ്ടാമത്തെ മരണമുണ്ടായത്. ഭക്ഷ്യ വിഷബാധയെന്ന വിവരം പുറത്ത് വന്നതോടെ ഹോട്ടലിൽ സുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചു.

അതിനിടെ, കാസർക്കോട്ടെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിൽ കർശന നടപടി എടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. കണ്ണൂരിലെയും കാസർക്കോട്ടെയും ഉദ്യോഗസ്ഥരോട് പെൺകുട്ടി ഭക്ഷണം വാങ്ങിയ ഹോട്ടലിലെത്തി പരിശോധന നടത്താൻ നി‍ർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷ്യാസുരക്ഷാ നിയമം ഉണ്ടായിട്ടും ഭക്ഷ്യവിഷബാധ മൂലം ആളുകൾ മരിച്ചതിന് ഒരു ഹോട്ടലുടമപോലും സംസ്ഥാനത്ത് ഇത് വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുകളുടെ തീർപ്പ് വൈകുന്നതാണ് ഇതിന്  കാരണമെന്നാണ്  ഭക്ഷ്യസുരക്ഷാ കമ്മീഷൺർ വിആർ വിനോദ് വിശദീകരിക്കുന്നത്. 

ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ നടപടി, 6 ഹോട്ടലുകൾ അടച്ചുപൂട്ടി

കൊച്ചി: എറണാകുളം ജില്ലയിൽ  മോശം സാഹചര്യത്തിൽ പഴകിയ ഭക്ഷണം വിറ്റ 47 സ്ഥാപനങ്ങൾക്കെതിരെ നടപടി. മട്ടാ‌‌ഞ്ചേരിയിലെ  ഹോട്ടലിൽ നിന്ന് ബിരിയാണിയിൽ പഴുതാരയെയാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയത്. കളമശേരി അടക്കമുളള മേഖലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

ദിവസവും നിരവധി സഞ്ചാരികൾ വന്ന് പോകുന്ന മട്ടാഞ്ചേരിയിലെ കായാസ് ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴായിരുന്നു ഇത്.  കടയ്ക്ക് ഉടനടി ഷട്ടറിട്ടേക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി.  കായാസ് മാത്രമല്ല ഗുരുതര വീഴ്ച കണ്ടെത്തിയ ആറ് ഹോട്ടലുകളാണ്  അടപ്പിച്ചത്. മട്ടാഞ്ചേരിയിലെ സിറ്റിസ്റ്റാർ, ഫോർട്ടുകൊച്ചിയിലെ എ വൺ, കാക്കനാട് ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാൻ തട്ടുകട, നോർത്ത് പറവൂരിലെ മജലിസ് എന്നിവയ്ക്ക് പൂട്ടുവീണു. 

19 ഹോട്ടലുകൾക്കെതിരെ  പിഴയും ചുമത്തി. തൃപ്പൂണിത്തുറ, വൈപ്പിൻ മേഖലകളിൽ നടത്തിയ പരിശോധനയിലും ഏതാനും ഹോട്ടലുകൾക്ക്  പൂട്ട് വീണു. തൃപ്പൂണിത്തുറ- വൈക്കം റോഡിലെ എസ് ആര്‍ ഫുഡ്‌സ് ഹോട്ടല്‍, തൃപ്പൂണിത്തുറയിലെ ലളിതം ഹോട്ടല്‍, മാധവ് ഹോട്ടൽ എന്നിവയാണ് അടപ്പിച്ചത്.

അതേസമയം, ഭക്ഷണത്തില്‍ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കാസർഗോഡ് പെൺകുട്ടി മരിച്ചതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം. ഭക്ഷണത്തിൽ മായം ചേർക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാൻ കഴിയില്ലെന്നും വീണാ ജോർജ് കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group