Home Featured കേരളത്തിൽ മയോണൈസിന് പാസ്ചറൈസ് ചെയ്ത മുട്ട മാത്രം: ഷവര്‍മ ഉണ്ടാക്കാന്‍ പുതിയ മാനദണ്ഡം

കേരളത്തിൽ മയോണൈസിന് പാസ്ചറൈസ് ചെയ്ത മുട്ട മാത്രം: ഷവര്‍മ ഉണ്ടാക്കാന്‍ പുതിയ മാനദണ്ഡം

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പലപ്പോഴും ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. മുട്ടയുടെ വെള്ള ഉപയോഗിച്ച് തയ്യാറാക്കുന്ന മയണൈസ് കരുതലോടെ കൈകാര്യം ചെയ്യേണ്ടതാണ്. മുട്ട നല്ലതുപോലെ കഴുകി ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോഗിച്ച് വേണം മയണൈസ് തയ്യാറാക്കാന്‍. ഒരുമണിക്കൂറോ രണ്ടു മണിക്കൂറോ മാത്രമാണ് മയണൈസ് സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാനാവൂ.

സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ട മാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഷവര്‍മയ്ക്കായി എടുക്കുന്ന ഇറച്ചിയും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഇറച്ചി ഇരുപതു മിനിറ്റെങ്കിലും നല്ലതുപോലെ വേവിച്ചാലേ അണുക്കള്‍ നശിക്കുകയുള്ളു. തിരക്കിട്ട് വേണ്ടത്ര പാകമാകാതെ വിളമ്പുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group