ന്യൂഡൽഹി: ഇന്ത്യയില്‍ ആറ് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന 1961-ലെ ആദായനികുതി നിയമത്തിന് പകരം ആദായനികുതി നിയമം 2025 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുന്നു.നിലവിലുള്ള നികുതി നിരക്കുകളിലോ സ്ലാബുകളിലോ മാറ്റമില്ലെങ്കിലും വരുമാനം റിപ്പോർട്ട് ചെയ്യുന്ന രീതിയിലും നികുതി ഇളവുകള്‍ അവകാശപ്പെടുന്നതിലും വലിയ മാറ്റങ്ങളാണ് വരുന്നത്. ആദായനികുതി നിയമത്തിലെ 819 സെക്ഷനുകള്‍ ലഘൂകരിച്ച് 536 എണ്ണമായി ചുരുക്കി എന്നതാണ് പുതിയ പരിഷ്കാരത്തിന്റെ പ്രധാന സവിശേഷത.ശമ്പള വിഭാഗത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഭക്ഷണ അലവൻസിലെ മാറ്റം. തൊഴിലുടമ നല്‍കുന്ന ഭക്ഷണത്തിനുള്ള ഇളവ് പരിധി ഒരു ഭക്ഷണത്തിന് 50 രൂപയില്‍ നിന്ന് 200 രൂപയായി ഉയർത്തി. നേരത്തെ, ഒരു തൊഴിലുടമ ഒരു ദിവസം 50 രൂപയ്ക്ക് രണ്ട് ഭക്ഷണം നല്‍കിയിരുന്നെങ്കില്‍, 100 രൂപയ്ക്ക് മാത്രമേ ഇളവിന് അർഹതയുണ്ടായിരുന്നുള്ളൂ. പുതുക്കിയ പരിധി പ്രകാരം, പ്രതിദിനം 400 രൂപ വരെ ഇപ്പോള്‍ നികുതി ഒഴിവാക്കാം. മാസം 22 പ്രവൃത്തി ദിനങ്ങള്‍ കണക്കാക്കിയാല്‍ പ്രതിവർഷം ഒരു ലക്ഷം രൂപയിലധികം ഭക്ഷണ അലവൻസിലൂടെ മാത്രം നികുതിയില്ലാതെ കൈപ്പറ്റാൻ ജീവനക്കാർക്ക് സാധിക്കും. പഴയ നികുതി ഘടനയിലും പുതിയ നികുതി ഘടനയിലും ഈ ആനുകൂല്യം ലഭ്യമാണ്.
വീട്ടുവാടക ഇളവ് (എച്ച് ആർ എ) സംബന്ധിച്ച നിയമങ്ങളിലും മാറ്റങ്ങളുണ്ട്. ഇതുവരെ മെട്രോ നഗരങ്ങളായി പരിഗണിച്ചിരുന്ന ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയ്‌ക്ക് പുറമെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളെ കൂടി 50 ശതമാനം എച്ച് ആർ എ ഇളവ് ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ വാടക ഇളവ് അവകാശപ്പെടുമ്പോള്‍ ഭൂവുടമയുടെ വിവരങ്ങള്‍ ഫോം 124 വഴി കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ട്. ഇത് വ്യാജ വാടക രസീതുകള്‍ തടയാൻ സഹായിക്കും.മറ്റൊരു പ്രധാന മാറ്റം ഫോം 16 നിർത്തലാക്കുന്നു എന്നതാണ്. പകരം ഫോം 130 നിലവില്‍ വരും. തൊഴിലുടമ നല്‍കുന്നതിന് പകരം ഇത് ട്രേസസ് (TRACES) പോർട്ടലില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. ഐ ടി ആർ 1, ഐ ടി ആർ 4 ഫോമുകള്‍ ഉപയോഗിക്കാനുള്ള യോഗ്യത രണ്ട് വീടുകള്‍ ഉള്ളവർക്ക് വരെയാക്കി വിപുലീകരിച്ചു. സാമ്പത്തിക വർഷം (Financial Year), അസസ്‌മെന്റ് ഇയർ (Assessment Year) എന്നീ പദപ്രയോഗങ്ങള്‍ക്ക് പകരം ടാക്സ് ഇയർ (Tax Year) എന്ന ഒറ്റ പദം ഉപയോഗിക്കും.പാൻ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും നിരീക്ഷണം കർശനമാക്കും. കാർ വാങ്ങുന്നതിനും വില്‍ക്കുന്നതിനും പാൻ നിർബന്ധമാക്കും. പുതിയ ലേബർ കോഡ് അനുസരിച്ച് ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും അടിസ്ഥാന ശമ്പളമായി (Basic Pay) നിശ്ചയിക്കേണ്ടി വരുന്നത് ജീവനക്കാരുടെ കൈയ്യില്‍ കിട്ടുന്ന ശമ്പളത്തെയും നികുതി ആസൂത്രണത്തെയും ബാധിച്ചേക്കാം.