ബെംഗളൂരു: ബൈയപ്പനഹള്ളിയിലെ സർ എം. വിശ്വേശരയ്യ റെയിൽവേ ടെർമിന(എസ്.എം.വി.ടി.)ലുമായി ബന്ധിപ്പിച്ച് 263 കോടി രൂപയുടെ മേൽപ്പാലം നിർമിക്കാൻ പദ്ധതി. പുതിയ ടെർമിനലിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്നതാണ് പദ്ധതി. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്ക് അംഗീകാരം നൽകി. കേരളത്തിലേക്കുള്ള ഒട്ടേറെതീവണ്ടികൾ പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയുംചെയ്യുന്ന സ്റ്റേഷനാണ് എസ്.എം.വി.ടി.സംസ്ഥാനസർക്കാർ സർവീസുകളിലേക്കുള്ള ജനറൽ നിയമനങ്ങളിൽ കായികതാരങ്ങൾക്ക് രണ്ടുശതമാനം സംവരണം എർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹാസൻ മെഡിക്കൽ കോളേജിന് 142.47 കോടി രൂപ ചെലവിൽ 450 കിടക്കകളുള്ള ആശുപത്രിക്കെട്ടിടം പണിയുന്നതിന് അംഗീകാരം നൽകി. ബെംഗളൂരു നഗരത്തിൽ കുടിവെള്ളപദ്ധതി നടപ്പാക്കാൻ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിന്റെ 208.45 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം നൽകി. നഗരത്തിൽ പുതുതായി 110 ഇടങ്ങളിൽ കുടിവെള്ളമെത്തിക്കാനാണ് പദ്ധതി.സഹകരണബാങ്കുകളിൽനിന്ന് കർഷകരെടുത്ത വായ്പകളുടെ പലിശ എഴുതിത്തള്ളുന്നതിന് 440.21 കോടി രൂപ ചെലവഴിക്കുന്നതിനും മന്ത്രിസഭായോഗം അനുമതിനൽകി.