ബെംഗളൂരു: മോശം കാലാവസ്ഥകാരണം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാവിലെ വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ട 44 വിമാനങ്ങൾ വൈകി.ഡൽഹിയിലേക്കുമാത്രം ഏഴു വിമാന സർവീസുകളാണ് മൂടൽമഞ്ഞുകാരണം വൈകിയതെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അറിയിച്ചു. നവംബർമുതൽ ഫെബ്രുവരിവരെ ബെംഗളൂരു വിമാനത്താവള പരിസരത്ത് പുലർച്ചെ മൂന്നിനും രാവിലെ എട്ടിനുമിടയിൽ മൂടൽമഞ്ഞുണ്ടാകാറുണ്ട്.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു തുടക്കം കുറിച്ചു
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ചു. മണിപ്പുരിലെ തൗബാലില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ രാഹുല്‍ ഗാന്ധിക്ക് പതാക കൈമാറി.രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍നിന്നും മണിപ്പൂരിലേക്ക് തിരിച്ച പ്രത്യേക വിമാനം മൂടല്‍ മഞ്ഞിനെ തുടര്‍ന്നു വൈകിയിരുന്നു. ഇതോടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങും വൈകിയാണ് ആരംഭിച്ചത്. തൗബാലിലെ മൈതാനിയില്‍ ഉച്ചയ്ക്ക് 12നാണ് പൊതുസമ്മേളനം നിശ്ചയിച്ചിരുന്നത്.രാജ്യത്തെ നടുക്കിയ മണിപ്പുര്‍ കലാപം ഒന്പതു മാസമായി തുടരുന്നതിനിടെയാണ് തൗബാലിലെ ഖോൻജോമിലെ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് രാഹുലിന്‍റെ സ്നേഹ, ന്യായ സന്ദേശ ബസ് യാത്ര ആരംഭിക്കുന്നത്.ഇന്ത്യയിലെ ജനങ്ങളുടെ സമാധാനത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള യാത്രയാണിതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഭരണഘടനയുടെ ആമുഖത്തിന്‍റെ അടിസ്ഥാനം ന്യായം ആണെന്നും അതിനാലാണ് പുതിയ യാത്രയ്ക്ക് ഭാരത് ജോഡോ ന‍്യായ് യാത്ര എന്നു പേരിട്ടതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ഇംഫാലില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.സാന്പത്തിക അസമത്വം, സാമുദായിക ധ്രു വീകരണം, രാഷ്‌ട്രീയ സ്വേച്ഛാധിപത്യം എന്നിവയില്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസിന്‍റെയും രാജ്യത്തിന്‍റെയും മുന്നിലുള്ള വെല്ലുവിളിയെന്ന് ജയ്റാം പറഞ്ഞു.