തിരുവനന്തപുരം:ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും.യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്.അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള.അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.
ചിലവ് താങ്ങാനാവാതെ ആകാശയാത്ര വേണ്ടെന്ന് വച്ച് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ആശ്രയിക്കാൻ തീരുമാനിച്ചാലും രക്ഷയില്ല.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്.സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വർദ്ധിച്ചിരിക്കുന്നു.ക്രിസ്തുമസ് അടുക്കുന്നതോടെ ഇത് പിന്നേയും വര്‍ദ്ധിപ്പിക്കും.ഈ കൊള്ളക്ക് വേണ്ടി പല സ്വകാര്യ ബസുകളിലും അവധിക്കാലത്തെ ടിക്കറ്റ് ഇപ്പോള്‍ ബുക്കു ചെയ്യാൻ കഴിയുന്നില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്.ഇത് ഈ അവധിക്കാലത്തെ മാത്രം പ്രശ്നമല്ല.എല്ലാ അവധിക്കാലവും വിമാനകമ്പനികള്‍ക്കും സ്വകാര്യ ബസുടമകള്‍ക്കും ചാകരയാണ്.യാത്രക്കാര്‍ക്ക് കണ്ണീരും.
ഉറക്കത്തിൽ പിഞ്ചുകുഞ്ഞിന് മേൽ അമ്മ അബദ്ധത്തിൽ മറിഞ്ഞുവീണു; ഒന്നരവയസ്സുകാരൻ മരിച്ചു; കൊലപാതകമെന്ന് പിതാവ്
ലക്നൗ: ഉറക്കത്തില്‍ പിഞ്ചുകുഞ്ഞിന്റെ മേൽ അമ്മ അബദ്ധത്തിൽ മറിഞ്ഞു വീണ് പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ഗജ്റൗള പ്രദേശത്താണ് സംഭവം. അച്ഛനും അമ്മയും കുഞ്ഞും ഒരേ കട്ടിലിലാണ് ഉറങ്ങാൻ കിടന്നത്. ശനിയാഴ്ച രാവിലെ കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
അതേ സമയം കുട്ടിയുടെ പിതാവായ വിശാൽ കുമാർ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തി. ഭാര്യ കാജൽ ദേവി മനപൂർവ്വം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിശാൽ കുമാർ ആരോപിച്ചു. എന്നാൽ കാജൽ ദേവി ആരോപണങ്ങൾ നിഷേധിച്ചു. അപകടമാണെന്ന് ഇവർ പറയുന്നു. ‘എപ്പോഴാണ്, എത്ര സമയമാണ് കുഞ്ഞിന് മേൽ കയറിക്കിടന്നതെന്നോ എപ്പോഴാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചത് എന്നോ എനിക്കറിയില്ല.’ കാജൽ ദേവി പറഞ്ഞു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുഞ്ഞ് മരിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ”എട്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മൂന്ന് ആൺമക്കളുണ്ട്. ഏറ്റവും ഇളയ കുട്ടിയാണ് മരിച്ചത്. ഒരേ കിടക്കയിൽ മാതാപിതാക്കൾക്ക് നടുവിലാണ് കുട്ടി കിടന്നുറങ്ങിയിരുന്നത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് അമ്മക്കെതിരെ അച്ഛൻ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിലാണ്. പിതാവ് ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കേസെടുക്കും.” എസ് എച്ച് ഒ അരിഹന്ദ് സിദ്ധാർത്ഥ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.