ബംഗളൂരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും നാലും എട്ടും വയസ്സുള്ള മക്കളും ഉള്‍പ്പെടെയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണ്ണാടക കൃഷ്ണരാജസാഗറിലാണ് സംഭവം. ലക്ഷ്മി (30), മക്കളായ രാജു (10), കോമള്‍ (7), കുനാല്‍ (4), അനന്തരവനായ ഗോവിന്ദ (8) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച നടന്ന കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും മോഷണശ്രമമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവ സമയത്ത് ലക്ഷ്മിയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ വീടിന്‍റെ കതകില്‍ പലവട്ടം തട്ടിയിട്ടും മറുപടി ലഭിക്കാത്തതില്‍ സംശയം തോന്നിയതോടെ അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ടവര്‍ക്ക് പലതവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നും വിവിധ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ മോഷണമാണോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
അയല്‍വാസികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇത്തരമൊരു ക്രൂരകൃത്യം നടന്നിട്ടും സമീപവാസികള്‍ സംഭവം അറിയാത്തതില്‍ ആശയക്കുഴപ്പമുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടികള്‍ പോലും ക്രൂരമായി കൊലചെയ്യപ്പെട്ടതിന് പിന്നില്‍ മോഷണല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകാമെന്നും, സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.