കൊച്ചി: ടെലികോം വകുപ്പിന്റെയും വിവിധ അന്വേഷണ ഏജൻസികളുടെയും ഇടപെടലിലൂടെ ഒൻപത് മാസത്തിനിടെ രാജ്യത്ത് 1400 കോടിയിലേറെ രൂപയുടെ സൈബർ തട്ടിപ്പുകള്‍ തടയാൻ കഴിഞ്ഞതായി ടെലികോം ഡയറക്ടർ ജനറല്‍ രമേശ്കുമാർ ഗോയല്‍ പറഞ്ഞു.ടെലികോം ദക്ഷിണ മേഖലാ വാർഷിക സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തട്ടിപ്പിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ അഞ്ച് കോടിയിലധികം സംശയാസ്പദ ഫോണ്‍ കണക്ഷനുകള്‍ രണ്ട് വർഷത്തിനിടെ റദ്ദാക്കി. നഷ്ടപ്പെട്ട 8.5 ലക്ഷം മൊബൈല്‍ ഫോണുകള്‍ പൊലീസ് ഇടപെടലിലൂടെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും ഒരാളുടെ പേരില്‍ എത്ര കണക്ഷനുകളുണ്ടെന്ന് അറിയാനും സഹായിക്കുന്ന ‘സഞ്ചാർ സാഥി’ പോർട്ടല്‍ ഒരു പ്രധാന സംവിധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു വർഷത്തിനിടെ 24 കോടി ആളുകള്‍ സഞ്ചാർ സാഥി പോർട്ടല്‍ സന്ദർശിച്ചതായും 1.9 കോടി പേർ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കമ്മ്യൂണിക്കേഷൻ കമ്മിഷൻ അംഗം ദേബ്കുമാർ ചക്രവർത്തി, കേരള ടെലികോം അഡീഷണല്‍ ഡയറക്ടർ ജനറല്‍ ബെന്നി ചിന്ന, ടെലികോം അഡീഷണല്‍ ഡയറക്ടർ ജനറല്‍ സുരേഷ് പുരി എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.