ഘോഷയാത്രയ്ക്ക് നേരെ മലിന ജലമൊഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത് പൊലീസ്. ബുധനാഴ്ച മൈസൂരു നഞ്ചന്‍കോട് നടന്ന ഘോഷയാത്രയ്ക്ക് നേരെയാണ് ഒരു സംഘമാളുകള്‍ മലിനമായ വെള്ളം ഒഴിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. നഞ്ചുണ്ടേശ്വര ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജഗദീഷ് ആണ് അഞ്ചു പേര്‍ക്കെതിരെ പരാതി നല്‍കിയത്. ബാലരാജു, നാരായണ, നാഗഭൂഷണ്‍, നടേഷ്, അഭി എന്നിവര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് നഞ്ചന്‍കോട് ടൗണ്‍ പൊലീസ് അറിയിച്ചു.
ഘോഷയാത്രയ്ക്ക് നേരെ പ്രതികള്‍ ഒഴിച്ച മലിന ജലം പ്രതിഷ്ഠയുടെ മേല്‍ പതിച്ച് മതപരമായ ആചാരങ്ങള്‍ തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ‘അന്ധകാസുര സംഹാര’ ചടങ്ങിനോട് അനുബന്ധിച്ചാണ് ക്ഷേത്ര ഭരണ സമിതി ഘോഷയാത്ര സംഘടിപ്പിച്ചത്. എന്നാല്‍ അന്ധകാസുരനാണ് തങ്ങളുടെ രാജാവെന്ന് പറഞ്ഞ് ഡിഎസ്‌എസ് എന്ന സംഘടന രംഗത്ത് വരുകയും ഘോഷയാത്രയെ എതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഘോഷയാത്രയില്‍ ഒരു വ്യക്തിയെയും അപമാനിക്കുന്നില്ലെന്ന് ക്ഷേത്ര സമിതി വിശദീകരിച്ചു.
ഇത് വകവയ്ക്കാതെ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഘോഷയാത്രയ്ക്കിടെ ഒരു സംഘം വെള്ളം ഒഴിക്കുകയായിരുന്നുവെന്നും ക്ഷേത്ര സമിതി വ്യക്തമാക്കി. പ്രതികള്‍ മലിനമായ വെള്ളം ഒഴിച്ചതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
കിലോയ്ക്ക് 25 രൂപ; ഭാരത് അരി വിപണിയിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരി ഉടന്‍ വിപണിയിൽ എത്തിയേക്കും.കിലോഗ്രാമിന് 25 രൂപ എന്ന കുറഞ്ഞ നിരക്കിലാവും അരി ചില്ലറ വില്‍പ്പനക്ക് എത്തുക. അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടി എന്ന നിലയിലാണ് തീരുമാനമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്തതിന് പിന്നാലെയാണ് മോദി സര്‍ക്കാര്‍ ഭാരത് അരിയുമായി എത്തുന്നത്.
സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാല്‍ ഔട്ട്‌ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പ്പന ശാലകള്‍ എന്നിവിടങ്ങളിലാണ് ഭാരത് റൈസ് ലഭിക്കുക.രാജ്യത്ത് അരിയുടെ വില കുതിച്ചു ഉയര്‍ന്നതാണ് ഭാരത് റൈസ് എന്ന ആശയത്തിലേക്ക് കേന്ദ്ര സര്‍ക്കാരിനെ എത്തിച്ചത്. ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറ വില്‍പ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 14.1 ശതമാണ് അരിക്ക് വര്‍ധിച്ചത്. ഭാരത് ആട്ട ബ്രാന്‍ഡിലുള്ള ഗോതമ്പു പൊടി കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാല്‍ ബ്രാന്‍ഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. 2000-ത്തിലേറെ വില്‍പ്പന കേന്ദ്രങ്ങള്‍ മുഖേനെയാണ് ഇവ വില്‍ക്കുന്നത്. ഭാരത് റൈസും ഇതേ മാതൃകയില്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.