തിരുവനന്തപുരം: സംസ്ഥാനത്ത്തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ് ഐ ആർ)ത്തിന് ശേഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന അന്തിമ പട്ടികയിലുള്ളത് 2.69 കോടി വോട്ടർമാർ. നാളെയാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ഇതിന് മുന്നോടിയായി കേന്ദ്ര ഇലക്ഷൻ കമ്മിഷൻ ഇന്ന് സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.എസ് ഐ ആറിന് മുമ്പുള്ള പട്ടികയിൽ നിന്ന് ഒമ്പത് ലക്ഷം പേരുടെ കുറവാണ് പുതിയ വോട്ടർ പട്ടികയിലുള്ളത്.ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയിൽ ഒഴിവാക്കി. മരണപ്പെട്ടവർ, വിദേശ പൗരത്വം നേടിയവർ, താമസം മാറിയവർ എന്നിവരെയാണ് ഒഴിവാക്കിയത്. എസ് ഐ ആർ കാലയളവിൽ പേരുചേർക്കാൻ കിട്ടിയ അപേക്ഷകളിൽ 13.51 ലക്ഷം അംഗീകരിച്ചു.2.23 ലക്ഷം പ്രവാസി വോട്ടർമാരാണ് പട്ടികയിലുള്ളത്. പരാതിയുള്ളവർക്ക് അപ്പീൽ നൽകാമെന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ അറിയിച്ചു.കരട് വോട്ടർപട്ടികയിലുള്ളവർക്ക്തിരുത്തലുകൾക്കുംമേൽവിലാസം മാറ്റാനും ഉൾപ്പെടെ അപേക്ഷകൾ നൽകാൻ ജനുവരി 30വരെ സമയം നൽകിയിരുന്നു. അതും പരിഗണിച്ചാണ് നാളെ അന്തിമ വോട്ടർപട്ടിക പുറത്തിറക്കുന്നത്. പേര് ചേർക്കാനും തിരുത്താനുമായി ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി അന്തിമ പട്ടികയിൽ ഉൾപ്പെടുത്തും. ജനുവരി 30നുശേഷം ലഭിച്ച അപേക്ഷകൾ അന്തിമപട്ടിക പുറത്തിറങ്ങിയ ശേഷമേ പരിഗണിക്കുകയുള്ളൂ. അർഹരെ അനുബന്ധ പട്ടികയിൽ ചേർക്കുമെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.