പാലക്കാട്: വിഷുവും ഈസ്റ്ററും ആഘോഷിക്കാന്‍ നാട്ടില്‍ എത്തിയവരുടെ മടക്ക യാത്ര ദുരിതമാവും. തിങ്കളാഴ്ച തിരിച്ചുപോകാനിരിക്കുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുക.ചെന്നൈ, ബംഗളൂരു, മുംബൈ തുടങ്ങി മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലേക്കുള്ള ട്രെയിനുകളെല്ലാം നിറഞ്ഞു. മുന്‍കാലങ്ങളില്‍ ഉത്സവകാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തയ്യാറായിരുന്നു. ഇത്തവണ സ്പെഷ്യല്‍ ട്രെയിനുകള്‍ പേരിനുമാത്രം.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണവുമുണ്ട്.ചെന്നൈയിലേക്ക് 17, 18,19 തീയതികളില്‍ ട്രെയിനുകളില്‍ ടിക്കറ്റില്ല. ചെന്നൈ മെയില്‍, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ഗുരുവായൂര്‍ –- ചെന്നൈ എക്സ്പ്രസ്, ആഴ്ചയില്‍ മൂന്നുദിവസം ഓടുന്ന രപ്തിസാഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളിലെല്ലാം എസി, സ്ലീപ്പര്‍ ടിക്കറ്റുകളിലെല്ലാം വെയിറ്റിങ് ലിസ്റ്റിലാണ്.
ഇതേ അവസ്ഥ തന്നെയാണ് ബംഗളൂരു, മുംബൈ യാത്രക്കാരുടെയും. കൊച്ചുവേളി – -മൈസുരു, കന്യാകുമാരി –- ബംഗളൂരു ഐലന്റ് എക്സ്പ്രസ്, വ്യാഴം, ശനി ദിവസങ്ങളില്‍ ഓടുന്ന കൊച്ചുവേളി –- ബനാസ്വാടി ഹംസഫര്‍ എക്സ്പ്രസ്, ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം –- മൈസൂരു സ്പെഷ്യല്‍ ട്രെയിന്‍, കൊച്ചുവേളി – -യശ്വന്ത്പൂര്‍ ഗരീബ്രഥ് എന്നിവയിലും ദിവസങ്ങള്‍ക്ക് മുമ്ബ് ടിക്കറ്റ് തീര്‍ന്നു.മുംബൈയിലേക്കുള്ള സമ്ബര്‍ക്കക്രാന്തി എക്സ്പ്രസ്, നിസാമുദീന്‍ എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും ടിക്കറ്റില്ല. മിക്ക ട്രെയിനുകളിലും വെയിറ്റിങ് ലിസ്റ്റ് നൂറിന് മുകളിലാണ്.
അടിയന്തരമായി യാത്രയ്ക്ക് തല്‍ക്കാല്‍ എടുക്കാമെന്ന് കരുതിയാല്‍ പകല്‍11 ന് സൈറ്റ് തുറന്നാല്‍ അഞ്ചുമിനിട്ടിനകം ടിക്കറ്റ് തീരും. യാത്ര ബസില്‍ ആക്കാമെന്നു വച്ചാല്‍ കെഎസ്‌ആര്‍ടിസിയിലും മറ്റ് ടൂറിസ്റ്റ് ബസുകളുമൊക്കെ നിറഞ്ഞു. മാത്രമല്ല, യാത്രാ നിരക്ക് ബസില്‍ ഇരട്ടിയുമാണ്.ട്രെയിനുകള്‍ വൈകുംതൃശൂര്‍ യാര്‍ഡില്‍ റെയില്‍വേ പാളത്തില്‍ പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ തിങ്കളാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തും.
എറണാകുളം ജങ്ഷന്‍–-ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു എക്സ്പ്രസ് സ്പെഷ്യല്‍(തിങ്കള്‍) റദ്ദാക്കി. നാല് ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ട്.മംഗളൂരു ജങ്ഷനില്‍നിന്ന് പകല്‍ 2.20ന് പുറപ്പെടേണ്ട മംഗളൂരു ജങ്ഷന്‍–-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്(16348) ഒന്നര മണിക്കൂര്‍ വൈകി പകല്‍ 3.50ന് യാത്ര ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് പകല്‍ 2.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം–-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്(12082) വൈകിട്ട് 4.30 നേ പുറപ്പെടൂ. കന്യാകുമാരി–-കെഎസ്‌ആര്‍ ബംഗളൂരു ഐലന്റ് എക്സ്പ്രസ് (16525)കന്യാകുമാരിയില്‍നിന്ന് രണ്ടുമണിക്കൂര്‍ വൈകി പകല്‍ 12.10ന് യാത്ര തുടങ്ങും. എറണാകുളം ജങ്ഷന്‍–-പുണെ ജങ്ഷന്‍ പൂര്‍ണ പ്രതിവാര എക്സ്പ്രസ്(11098) രണ്ടുമണിക്കൂര്‍ വൈകി രാത്രി 8.50 നായിരിക്കും പുറപ്പെടുക.