പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വര്‍ധിച്ചിട്ടും യാത്രക്കാരോട് മുഖംതിരിച്ച് റെയില്‍വേ. ഉത്സവ സീസണുകളായതോടെ റിസര്‍വേഷന്‍ കോച്ചുകളില്‍ സീറ്റ് ലഭിക്കുന്നില്ല. തിരക്ക് പരിഗണിച്ച് റെയില്‍വേ അനുവദിച്ച താല്‍ക്കാലിക ട്രെയിനുകളില്‍ ഈടാക്കുന്നത് ഉയര്‍ന്ന നിരക്കാണെന്ന് പരാതിയുണ്ട്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് മൂന്നാം ക്ലാസ് എ.സിയില്‍ 1285 രൂപയാണ് സാധാരണ നിരക്ക്. എന്നാല്‍, സ്പെഷല്‍ ട്രെയിനില്‍ ഈടാക്കുന്നത് 1595 രൂപയാണ്. ഇത്തരം ട്രെയിനുകളില്‍ സ്റ്റോപ്പുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല.
വിദ്യാര്‍ഥികള്‍ ഉള്‍െപ്പടെ നിരവധി ആളുകള്‍ വന്നുപോകുന്ന ബംഗളൂരുവിലേക്ക് സ്ലീപ്പര്‍ ടിക്കറ്റ് കിട്ടാനില്ല. വെയിറ്റിങ് ലിസ്റ്റ് 100ന് മുകളിലാണ് എല്ലാ ട്രെയിനിലും. മറ്റ് പ്രധാന പട്ടണങ്ങളിലേക്കും ഇതിന് സമാനമാണ് അവസ്ഥ. കോവിഡിനുശേഷം പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളില്‍ നേരത്തേയുള്ളതുപോലെ ജനറല്‍ കോച്ചുകള്‍ ഇല്ലാത്തതുമാണ് യാത്രക്കാരുടെ ദുരിതം വര്‍ധിക്കാന്‍ കാരണമായത്.
കേരള എക്സ്പ്രസ് ഉള്‍െപ്പടെയുള്ള പല ദീര്‍ഘദൂര ട്രെയിനുകളിലും ഇനിയും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍ നേരത്തേ ഉണ്ടായിരുന്ന നാല് ജനറല്‍ കോച്ചില്‍ രണ്ടെണ്ണം ഒഴിവാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്ബുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നു.
ശബരിമല സീസണ്‍കൂടി ആരംഭിക്കുന്നതോടെ കേരളത്തിലേക്കും ഇവിടെനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിനില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാവും. ഇതോടെ യാത്രദുരിതം ഇരട്ടിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് കോവിഡിന് മുമ്ബുണ്ടായിരുന്ന പ്രതിവാര ട്രെയിനുകള്‍ പലതും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
യാത്രക്കാരുടെ എണ്ണം ഏതാണ്ട് പൂര്‍വസ്ഥിതിയിലായിട്ടും ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈകുന്നതും അത്യാവശ്യ യാത്രക്ക് സ്റ്റേഷനുകളില്‍ എത്തുന്നവരെ വലക്കുകയാണ്.
കോലിയുടെ ഏറ്റവും മികച്ച ഷോട്ട്;വാരിപ്പുണര്‍ന്ന് രാഹുല്‍ ദ്രാവിഡ്
മെല്‍ബണ്‍: പാകിസ്ഥാനെതിരെ ടി20 ലോകകപ്പില്‍ ഇന്ത്യ വിജയം പിടിക്കുമ്പോള്‍ ഷഹീന് അഫ്രീദിയെറിഞ്ഞ 18-ാം ഓവറാണ് നിര്‍ണായകമായത്. 17 റണ്‍സാണ് ഇന്ത്യ ആ ഓവറില്‍ അടിച്ചെടുത്തത്. വിരാട് കോലി തന്നെയാണ് ഇതില്‍ ഭൂരിഭാഗവും നേടിയത്. അവസാന മൂന്ന് ഓവറില്‍ 48 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഫ്രീദിയുടെ ഓവറില്‍ 17 റണ്‍സ് വന്നു. 18ാം ഓവര്‍ എറിയാനെത്തിയത് ഹാരിസ് റൗഫ്. 15 റണ്‍സാണ് ആ ഓവരില്‍ കോലി- പാണ്ഡ്യ സഖ്യം നേടിയത്.
ഓവറിന്റെ നാലാം പന്തുവരെയാണ് മൂന്ന് റണ്‍സ് മാത്രമാണ് റൗഫ് വിട്ടുകൊടുത്തിരുന്നത്. എന്നാല്‍ അഞ്ചാം പന്ത് അനായാസം കോലി സിക്സ് നേടി. അതും ലോണ്‍ ഓണിലൂടെ. ആ ഷോട്ടിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. താനാണ് ക്രിക്കറ്റിലെ രാജാവെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്ന ഷോട്ട്. അടുത്ത പന്തും സിക്സും നേടി കോലി വിജയത്തിലെത്താന്‍ ധൃതി കൂട്ടി. പിന്നാലെ അവസാന ഓവറില്‍ വിജയം പൂര്‍ത്തിയാക്കി. കോലി 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്നു.
റൗഫിനെതിരെ നേടിയ ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ് ഷോട്ടിന്റെ വീഡിയോ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഷോട്ടെന്നാണ് പ്രസാദ് പറഞ്ഞത്. എന്തിനാണ് നമ്മള് സാക്ഷിയായതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇന്ത്യ- പാക് മത്സരങ്ങളിലെ ഏറ്റവും മികച്ചതെന്നുമാണ് പ്രസാദ് ട്വീറ്റില്‍ പറഞ്ഞത്.
അതുപോലെ പരിശീലകന് രാഹുല്‍ ദ്രാവിഡ്, കോലിയെ കെട്ടിപ്പിടിക്കുന്ന ചിത്രയും ആരാധകര്‍ ഏറ്റെടുത്തു. അതുവരെ ആഘോഷങ്ങളില്‍ ഒന്നും ദ്രാവിഡിനെ കണ്ടിരുന്നില്ല. അതിനിടെയാണ് ഇത്തരത്തിലൊരു ചിത്രം പ്രചരിച്ചത്. നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോലിയെ വാരിപ്പുണര്‍ന്നിരുന്നു. കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് രോഹിത് വിശേഷിപ്പിച്ചത്.