ബെംഗളൂരു∙ നമ്മ മെട്രോ കെആർപുരം–വൈറ്റ്ഫീൽഡ് പാതയിലെ സ്റ്റേഷനുകളിൽ നിന്ന് ബിഎംടിസിയുടെ കൂടുതൽ നോൺ എസി ഫീഡർ സർവീസുകൾ ഇന്ന് ആരംഭിക്കും. കാടുഗോഡി (വൈറ്റ്ഫീൽഡ്), പട്ടാന്തൂർ അഗ്രഹാര (ഐടിപിഎൽ) മെട്രോ സ്റ്റേഷനിൽ നിന്നു രണ്ടു വീതം ഫീഡർ ബസുകളാണു സർവീസ് നടത്തുക. ബയ്യപ്പനഹള്ളി–കെആർ പുരം പാതയിൽ പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്. ഈ മാസം അവസാനം പാതയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുന്നതോടെ നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നതു കണക്കിലെടുത്താണു നടപടി.
പുറമേ പ്രദേശത്തെ ബസ് ക്ഷാമം പരിഹരിക്കാൻ അഗര ബസ് സ്റ്റാൻഡിൽ നിന്നും 10 ഫീഡർ ബസുകളുടെ സർവീസ് കൂടി ബിഎംടിസി ആരംഭിച്ചു. കെആർപുരം–വൈറ്റ്ഫീൽഡ് പാതയിൽ ഉൾപ്പെടുന്ന ചന്നസന്ദ്ര, ഹൂഡി, ഗരുഡാചർ പാളയ, സിംഗായനപാളയ സ്റ്റേഷനുകളിൽ നിന്ന് ഫീഡർ സർവീസുകൾ ആരംഭിക്കാൻ വേണ്ട റൂട്ട് സർവേ ബിഎംടിസി പൂർത്തിയാക്കിയിട്ടുണ്ട്. ഐടി ജീവനക്കാർ ഉൾപ്പെടെ കൂടുതൽ പേർ താമസിക്കുന്ന ബിബിഎംപി മഹാദേവപുര സോണിലെ അപ്പാർട്മെന്റ് കോംപ്ലക്സുകളുമായി ബന്ധിപ്പിച്ച് ഫീഡർ സർവീസ് ആരംഭിക്കണമെന്ന് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബസ് റൂട്ട് ഇങ്ങനെ:∙റൂട്ട് നമ്പർ എംഎഫ്–1ജി : പട്ടാന്തൂർ അഗ്രഹാര മെട്രോ സ്റ്റേഷനിൽ നിന്ന് ഹോപ്ഫാം, ചന്നസാന്ദ്ര, നാഗോണ്ടനഹള്ളി, ഇമ്മാദിഹള്ളി, വൈറ്റ്ഫീൽഡ് പോസ്റ്റ് ഓഫിസ് വഴി ഹോപ്ഫാമിൽ തിരിച്ചെത്തും.
∙ എംഎഫ്–1ജി: എപട്ടാന്തൂർ അഗ്രഹാര മെട്രോ സ്റ്റേഷനിൽ നിന്ന് ഹോപ്ഫാം, വൈറ്റ്ഫീൽഡ് പോസ്റ്റ് ഓഫിസ്, ഇമ്മാദിഹള്ളി, നാഗോണ്ടനഹള്ളി, ചന്നസാന്ദ്ര, ഹോപ്ഫാം.
∙ എംഎഫ്–1 കെ: കാടുഗോഡിയിൽ നിന്ന് ആരംഭിച്ച് ബലത്തൂർ, സീഗെഹള്ളി വഴി കണ്ണമംഗലയിലെത്തും.
ടുമോക്ക് ഉപഭോക്താക്കൾ 15 ലക്ഷം:ടുമോക്ക് ആപ് വഴി ബിഎംടിസി പാസുകൾ എടുത്തവരുടെ എണ്ണം 15 ലക്ഷം കടന്നു. കഴിഞ്ഞ മാസം ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച ആപ്പിൽ പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകളാണ് ലഭിക്കുന്നത്. ഒപ്പം തുടർയാത്ര ഉറപ്പാക്കാനായി വെബ് ഓട്ടോ, ടാക്സി ബുക്കിങ് സൗകര്യവുമുണ്ട്.
കോച്ചുകൾ ചൈനയിൽ നിന്നെത്തും:നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ആർ.വി റോഡ്–ബൊമ്മസന്ദ്ര പാതയിൽ ഓടിക്കാൻ ചൈനയിൽ നിന്ന് കോച്ചുകൾ അടുത്ത മാസം എത്തും. 6 കോച്ചുകളുള്ള 2 വീതം ട്രെയിനുകളാണ് എത്തുന്നത്. യെലോ ലൈനിൽ ഉൾപ്പെടുന്ന 19 കിലോമീറ്റർ പാതയുടെ ട്രാക്ക്, മെട്രോ സ്റ്റേഷൻ നിർമാണം അവസാന ഘട്ടത്തിലാണ്. 16 സ്റ്റേഷനുകളുണ്ട്. അടുത്ത ഡിസംബറിൽ പാതയിൽ പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.