Home Featured മസ്കിന്റെ ‘ബ്രെയിൻ ചിപ്പ്’ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി നൽകാനാവില്ലെന്ന് എഫ്.ഡി.എ

മസ്കിന്റെ ‘ബ്രെയിൻ ചിപ്പ്’ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി നൽകാനാവില്ലെന്ന് എഫ്.ഡി.എ

ലോകകോടീശ്വരനും ടെസ്‍ല തലവനുമായ ഇലോൺ മസ്കിന്റെ മെഡിക്കൽ ഉപകരണ കമ്പനിയായ ന്യൂറലിങ്ക് വർഷങ്ങളായി മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന്റെ പരീക്ഷണങ്ങളിലാണ്. ന്യൂറലിങ്ക് വികസിപ്പിച്ച വിപ്ലവകരമായ മസ്തിഷ്ക ഇംപ്ലാന്റുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നതിനെ കുറിച്ച് ഇലോൺ മസ്ക് 2019 മുതൽ പല തവണയായി സൂചനകളും തന്നിരുന്നു.തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിക്കാവുന്ന ഉപകരണമാണ് ന്യൂറലിങ്ക് വികസിപ്പിച്ചുവരുന്നത്.

പക്ഷാഘാതം, അന്ധത തുടങ്ങിയ പരിഹരിക്കാനാകാത്ത അവസ്ഥകളെ ചികിത്സിക്കാൻ ചിപ്പ് ഉപയോഗപ്പെടുമെന്നാണ് കമ്പനിയുടെ അവകാശവാദം.2023ന്റെ പകുതിയോടെ മനുഷ്യരിൽ ഇംപ്ലാന്റുകൾ പരീക്ഷിക്കുന്നതിനുള്ള അനുമതിക്കായി ന്യൂറലിങ്ക്, അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (FDA) സമീപിച്ചിരുന്നു. എന്നാൽ, ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതി തേടിയുള്ള ന്യൂറലിങ്കിന്റെ അഭ്യർത്ഥന എഫ്.ഡി.എ നിരസിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കമ്പനിയിലെ നിലവിലെ ജീവനക്കാരെയും മുൻ ജീവനക്കാരെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സുരക്ഷാ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് എഫ്.ഡി.എ അനുമതി നൽകാതിരുന്നത്. മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ഉപകരണം നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെ അവർ പങ്കുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം നവംബറിൽ, ന്യൂറലിങ്ക് ആറ് മാസത്തിനുള്ളിൽ ബ്രെയിൻ ഇംപ്ലാന്റുകളുടെ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചേക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ, എഫ്.ഡി.എയുടെ തീരുമാനം ശതകോടീശ്വരന് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; വൈറലായ വീഡിയോ കണ്ട് ബന്ധു കുഴഞ്ഞു വീണു

കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചു. ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ടായിരുന്നു മര്‍ദ്ദനം.തലശ്ശേരി ബി ഇ എം പി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് സഹവിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. തലശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ധര്‍മ്മടം ഒഴയില്‍ ഭാഗത്തെ ഹര്‍ഷയില്‍ ഷാമില്‍ ലത്തീഫിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചിറക്കരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ചാണ് 15 ഓളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കഴുത്തിനും കൈകള്‍ക്കും തോളിനുമടക്കം സാരമായ പരിക്കേറ്റ ഷാമില്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. വീട്ടില്‍ നിന്നിറക്കി ചിറക്കരയിലെത്തിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു.

സംഘത്തില്‍ ഉള്‍പ്പെട്ടെ വിദ്യാര്‍ത്ഥികള്‍ ക്ലാസു കട്ട് ചെയ്തു മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. ഈ വിഷയങ്ങള്‍ അറിഞ്ഞ അദ്ധ്യാപിക വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു. ഇതിനു പിന്നില്‍ ഷാമില്‍ ആണെന്ന് സംശയിച്ചാണ് ഈ ക്രൂരത. മര്‍ദ്ദിച്ച ശേഷം ഷാമിലിനെ കൊടുവള്ളിയില്‍ ഇറക്കിവിടുകയായിരുന്നു. വിവരമറിഞ്ഞ ബന്ധുവെത്തി ഷാമിലിനെ ആശുപത്രിയില്‍ എത്തിച്ചു.മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഷാമില്‍ പറഞ്ഞിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ഷാമിലിനെ മര്‍ദ്ദിക്കുന്ന വീഡിയോ കണ്ട ബന്ധു തളര്‍ന്ന് വീഴുകയും വീഴ്ചയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ തലശേരി ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദനം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഒളിവിലാണ്. പോലിസ് ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group