ബംഗളൂരു: ഫേസ്ബുക് വഴി പരിചയപ്പെട്ട പെണ്‍സുഹൃത്ത് 48 ലക്ഷം രൂപ തട്ടിയെടുത്തതായി മഠാധിപതിയുടെ പരാതി. ബംഗളൂരു റൂറല്‍ ജില്ലയിലെ നെലമംഗല കമ്ബാലു സംസ്‌ഥാന മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് ദാബാസ്പേട്ട് പൊലീസില്‍ പരാതി നല്‍കിയത്.വര്‍ഷ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ മഞ്ജുള എന്ന യുവതിയാണ് സ്വാമിയെ വഞ്ചിച്ചത്. 2020ലാണ് ‘വര്‍ഷ’യും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈല്‍ നമ്ബറുകള്‍ പരസ്പരം കൈമാറി. ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണെന്ന് പറഞ്ഞ വര്‍ഷ, താൻ മംഗളൂരു സ്വദേശിയാണെന്നും മാതാപിതാക്കള്‍ മരണപ്പെട്ടുവെന്നുമാണ് സ്വാമിയെ ധരിപ്പിച്ചിരുന്നത്.
ആത്മീയ സൗഖ്യം തേടിയാണത്രെ സ്വാമിയെ പരിചയപ്പെട്ടത്. ഇരുവരും നിരവധി തവണ വിഡിയോ കോളുകള്‍ ചെയ്തിരുന്നുവെങ്കിലും വര്‍ഷ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയോ മുഖം കാണിക്കുകയോ ചെയ്തിരുന്നില്ല. വിദ്യാഭ്യാസത്തിന് പണമാവശ്യപ്പെട്ട് പലതവണ വിളിച്ചതായി സ്വാമി പരാതിയില്‍ പറഞ്ഞു. ഇതുപ്രകാരം 10 ലക്ഷം രൂപ വര്‍ഷയുടെ സുഹൃത്തായ മഞ്ജുളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. പിതാവ് തനിക്ക് വേണ്ടി 10 ഏക്കര്‍ ഭൂമി വില്‍പത്രത്തില്‍ എഴുതിയിട്ടുണ്ടെന്നും അത് കുറഞ്ഞ വിലയ്ക്ക് മഠത്തിന് നല്‍കുമെന്നും വര്‍ഷ പറഞ്ഞിരുന്നുവത്രെ. അതിനിടെ 2022 ഒക്ടോബറില്‍ സ്വാമിയെ മഞ്ജുള ഫോണ്‍ വിളിച്ച്, വില്‍പത്രത്തെ ചൊല്ലി വര്‍ഷയെ ബന്ധുക്കള്‍ ആക്രമിച്ചുവെന്നും തലയ്ക്ക് ഗുരുതര പരിക്കേറ്റ് മത്തികെരെയിലെ ആശുപത്രിയില്‍ ഐസിയുവില്‍ ആണെന്നും പറഞ്ഞു.
വര്‍ഷയുടെ ചികിത്സയ്ക്കായി 37 ലക്ഷം രൂപ മഞ്ജുള വാങ്ങിയതായും ചെന്നവീര ശിവാചാര്യ സ്വാമി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മഞജുളയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സ്വാമി തെന്റ സുഹൃത്തുക്കളെ മത്തികെരെ ആശുപത്രിയില്‍ അയച്ചപ്പോള്‍ വര്‍ഷ എന്ന പേരില്‍ ഒരു രോഗി അവിടെ ഇല്ലെന്നറിഞ്ഞു. തട്ടിപ്പ് മനസ്സിലാക്കിയ ഇദ്ദേഹം മഞ്ജുളയെ വിളിച്ച് പണം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വര്‍ഷ ഡിസ്ചാര്‍ജ് ആയതാണെന്നും ആശുപത്രി ബില്ലടക്കാൻ താൻ 55 ലക്ഷം രൂപ പലരില്‍നിന്നായി വായ്പവാങ്ങിയിട്ടുണ്ടെന്നുമായിരുന്നു മഞ്ജുളയുെ2 മറുപടി.
ഉടൻ തന്നെ തന്റെ ബാങ്ക് അക്കൗണ്ടില്‍ 55 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ആത്മഹത്യാ കുറിപ്പില്‍ സ്വാമിയുടെ പേര് എഴുതിവെക്കുമെന്നും മഞ്ജുള ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ, 2023 ഏപ്രില്‍ 23 ന് വൈകീട്ട് 6.30 ഓടെ ആറ് സ്ത്രീകളും ഒരു പുരുഷനും ഇന്നോവയില്‍ മഠത്തിലെത്തി. മഞ്ജുള, അവനിക, കാവേരി, പ്രദീപ് നായക്, രശ്മി, മീനാക്ഷി, പ്രേമ എന്നിങ്ങനെയാണ് അവര്‍ പരിചയപ്പെടുത്തിയത്. ഇതില്‍ മീനാക്ഷി, കാവേരി, പ്രേമ എന്നിവരില്‍ നിന്നാണ് വര്‍ഷയുടെ ചികിത്സക്ക് 55 ലക്ഷം രൂപ താൻ കടം വാങ്ങിയതെന്നും അവര്‍ക്ക് ഉടൻ പണം തിരിച്ചുകൊടുക്കണമെന്നും മഞ്ജുള സ്വാമിയോട് ആവശ്യപ്പെട്ടു.
പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വമി നല്‍കിയ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന്, സ്വാമിയെ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുകയും ഫോണില്‍ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. മൊത്തം 48 ലക്ഷത്തോളം രൂപയാണ് ഇവര്‍ സ്വാമിയില്‍നിന്ന് കൈക്കലാക്കിയത്. ഇതിനുപിന്നാലെയാണ് സ്വാമി പൊലീസില്‍ പരാതിപ്പെട്ടത്. മഞ്ജുളക്കെതിരെ മനഃപൂര്‍വം അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.