Home Featured രാജ്യത്ത് വീണ്ടും ദുരഭിമാന കൊല;ഈർച്ചവാൾ കൊണ്ട് ഉറങ്ങിക്കിടന്ന മകളുടെ കഴുത്തറുത്ത് പിതാവ്!

രാജ്യത്ത് വീണ്ടും ദുരഭിമാന കൊല;ഈർച്ചവാൾ കൊണ്ട് ഉറങ്ങിക്കിടന്ന മകളുടെ കഴുത്തറുത്ത് പിതാവ്!

ലഖ്‌നൗ: രാജ്യത്ത് വീണ്ടും ദുരഭിമാന കൊലപാതകം റിപ്പോർട്ട് ചെയ്തു. 19കാരിയായ യുവതിയെ സ്വന്തം പിതാവാണ് ഈർച്ചവാൾ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ, ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡി(42)നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ദുരഭിമാനക്കൊലയാണെന്നും ഇതരജാതിക്കാരനുമായുള്ള മകളുടെ പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് മനോജ് റാത്തോഡിന്റെ മൂത്തമകൾ രുചി റാത്തോഡിനെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മുകൾനിലയിൽനിന്നും മകൾ താഴേക്ക് വരാത്തത് തിരക്കിയപ്പോഴാണ് പെൺകുട്ടിയുടെ അമ്മ കൊലപാതക വിവരം അറിഞ്ഞത്. മനോജ് റാത്താഡ് തന്നെയാണ് കൊലപാതകവിവരം വെളിപ്പെടുത്തിയതും. ഇതോടെ പെൺകുട്ടിയുടെ അമ്മ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.

മനോജ്-നഗീന ദമ്പതിമാരുടെ നാല് മക്കളിൽ മൂത്തയാളാണ് കൊല്ലപ്പെട്ട രുചി റാത്തോഡ്. കഴിഞ്ഞ ഒരുവർഷമായി ഏട്ടാ സ്വദേശിയായ 21കാരൻ സുധീർ കുമാറുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇതരജാതിക്കാരനായ യുവാവുമായുള്ള പ്രണയത്തെ മനോജ് എതിർത്തു. എന്നാൽ പിതാവിന്റെ എതിർപ്പ് മറികടന്ന് പെൺകുട്ടി യുവാവുമായുള്ള ബന്ധം തുടർന്നു. ഇരുവരും ഇടയ്ക്കിടെ പരസ്പരം കാണുന്നതും പതിവായി.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മനോജ് വീട്ടിലെത്തിയപ്പോൾ മകൾക്കൊപ്പം കാമുകനെയും കണ്ടു. തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. വ്യാഴാഴ്ച അർധരാത്രി വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന മകളെ ഈർച്ചവാൾ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അതേസനയം, കൊലപാതകം നടന്നത് വീട്ടിലെ മറ്റുള്ളവരൊന്നും അറിഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും രുചി റാത്തോഡ് മുകൾനിലയിൽനിന്ന് താഴേക്ക് വരാതിരുന്നതോടെയാണ് അമ്മ നഗീനയ്ക്ക് സംശയം തോന്നിയത്. തുടർന്ന് മകളെ വിളിക്കാൻ നഗീന ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് മകളെ കൊലപ്പെടുത്തിയെന്ന് പ്രതി ഭാര്യയോട് വെളിപ്പെടുത്തിയത്. തന്റെ മകൾ നിരപരാധിയാണെന്നും ഭർത്താവിന്റെ ബുദ്ധിയില്ലായ്മ തങ്ങളുടെ കുടുംബത്തെ തകർത്തുകളഞ്ഞെന്നും അവർ പറഞ്ഞു.

പ്രതിയായ മനോജ് റാത്തോഡ് വള നിർമാണ യൂണിറ്റിലെ ജോലിക്കാരനാണെന്ന് ഫിറോസാബാദ് നോർത്ത് എസ്.എച്ച്.ഒ. നരേന്ദ്രകുമാർ ശർമ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ കാമുകനിൽനിന്നടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എസ്.എച്ച്.ഒ. അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group