മംഗളൂരു: കോഴിക്കറിയെ ചൊല്ലി തര്‍ക്കത്തെത്തുടര്‍ന്ന് മംഗളൂരുവിനടുത്ത സുള്ള്യയില്‍ യുവാവിനെ പിതാവ് അടിച്ച് കൊന്നു.സുള്ള്യ ഗുത്തിഗര്‍ ഗ്രാമത്തിലെ മൊഗ്രയെരന്നഗുഡെ സ്വദേശി ശിവറാം (32) ആണ് കൊല്ലപ്പെട്ടത്.ശിവറാം വീട്ടില്‍ വന്നപ്പോള്‍ രാവിലെ പാകം ചെയ്ത ചിക്കന്‍ കറി മുഴുവനും തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ശിവറാമും പിതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ പിതാവ് ഷീന മരത്തടി കൊണ്ട് ശിവറാമിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ ശിവറാം സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സുബ്രഹ്മണ്യ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഷീനയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ് ഇരുചക്രവാഹനങ്ങള്‍ കവര്‍ന്ന കേസ്: നാല് യുവാക്കള്‍ അറസ്റ്റില്‍
ഇരുചക്രവാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തു. ബെന്‍ഗ്രെ സ്വദേശി മുഹമ്മദ് സിനാന് (19), ബെങ്കരെയിലെ മുഹമ്മദ് സഹീല്‍ (22), ഉള്ളാള്‍ സ്വദേശി ഫൈസല്‍ (35), നന്ദവാര സ്വദേശി മുഹമ്മദ് സഹീല്‍ (18) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് 2,15,000 രൂപ വിലമതിക്കുന്ന നാല് ബൈക്കുകളും രണ്ട് സ്കൂട്ടറും പിടികൂടി ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
ഹൊക്കോട്ടു ഗ്രൗണ്ട് സിറ്റി കോംപ്ലക്സ്, കൊറഗജ്ജ കട്ടെ കോട്ടേക്കര്‍, കസബ ബെംഗ്രെ ഫെറി, ജിമ്മി സൂപ്പര്‍മാര്‍ക്കറ്റ്, കദ്രി സെന്‍ട്രല്‍ മാര്‍ക്കറ്റ്, നന്തൂര്‍ തരിത്തോട്ട എന്നിവിടങ്ങളില്‍നിന്നാണ് കഴിഞ്ഞ മാസം ഏഴിനും 30തിനും ഇടയില്‍ ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയത്. സിസിബി എസിപി പിഎ ഹെഗ്ഡെ, ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍, പിഎസ്ഐ സുദീപ്, ശരണപ്പ ഭണ്ഡാരി തുടങ്ങിയവര്‍ അറസ്റ്റിന് നേതൃത്വം നല്കി.