ചെന്നൈ: അര്‍ബുദം ബാധിച്ച പതിനാലുകാരന്റെ ചികിത്സയ്‌ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് മകനെ സ്വന്തമായി ദയാവധം ചെയ്ത് പിതാവ്. രണ്ട് വര്‍ഷമായി എല്ലുകളില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു കൗമാരക്കാരന്‍.
പിതാവും രണ്ട് കൂട്ടുകാരും ചേര്‍ന്നാണ് പതിനാലുകാരനെ കൊലപ്പെടുത്തിയത്. പെരിയസാമി എന്ന ആളാണ് മകനെ ദയാവധം ചെയ്ത് കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായതുകൊണ്ടുതന്നെ മകനെ ചികിത്സിക്കാന്‍ ആവശ്യമായ പണം ഇയാളുടെ പക്കല്‍ ഇല്ലായിരുന്നു. രണ്ട് വര്‍ഷത്തെ ചികിത്സ പൂര്‍ത്തിയായിട്ടും രോഗം ഭേദമായില്ല.
തുടര്‍ ചികിത്സയ്‌ക്ക് നിര്‍വാഹമില്ലാതായതോടെയാണ് പെരിയസാമി മകനെ ദയാവധം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി ഇയാള്‍ സുഹൃത്തുക്കളുടെ സഹായം തേടിയെന്നും പോലീസ് പറഞ്ഞു. ‘കീമോതെറാപ്പിയ്‌ക്ക് വിധേയനായിട്ടും മകന്റെ രോഗം കുറഞ്ഞില്ല. തുടര്‍ ചികിത്സയ്‌ക്ക് പണവും ഇല്ലായിരുന്നു. അതുകൊണ്ട് സുഹൃത്തുക്കളായ വെങ്കിടേശനെയും പ്രഭു എന്ന ഔഷധശാല ഉടമയെയും സന്ദര്‍ച്ചു.
ദയാവധം ചെയ്യാനായി പ്രഭു നല്‍കിയ മരുന്ന് മകനില്‍ കുത്തിവെച്ചു. കുറച്ച് നിമിഷങ്ങള്‍ക്കു ശേഷം മകന്‍ മരിച്ചു’ പെരിയസാമി പോലീസിന് മൊഴി നല്‍കി. പ്രതിയുടെ അയല്‍വാസിയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഇയാളുടെയും കൂട്ടാളികളുടെയും പേരില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.