ബെംഗളൂരു∙തീ വിലയുടെ പശ്ചാത്തലത്തിൽ തക്കാളി മോഷണം വ്യാപകമായതോടെ കൃഷിയിടങ്ങളിൽ കർഷകർ ടെന്റ് കെട്ടി കാവൽ ശക്തമാക്കി. ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ തക്കാളി എത്തിക്കുന്ന കോലാർ, ചിക്കബെല്ലാപുര എന്നിവിടങ്ങളിലെ പാടങ്ങളിലാണു കാവൽ ഏർപ്പെടുത്തിയത്. മോഷ്ടാക്കളെ നേരിടാനുള്ള സന്നാഹങ്ങളുമായി രംഗത്തെത്തിയവരിൽ സ്ത്രീകളുമുണ്ട്. ഹാസൻ ബേലൂരിൽ ചാക്കുകളിൽ വിളവെടുത്തു സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ തക്കാളി കഴിഞ്ഞയാഴ്ച കവർന്നിരുന്നു.
പിന്നാലെ ചിത്രദുർഗയിലെ ഹിരിയൂരിൽ നിന്നു കോലാർ മാർക്കറ്റിലേക്കു വിൽക്കാൻ കൊണ്ടുപോയ 2000 കിലോഗ്രാം തക്കാളി വാഹനം സഹിതം ചിക്കജാലയിൽ നിന്നു തട്ടിക്കൊണ്ടു പോയി. റായ്ച്ചൂരിലെ പാടത്തു നിന്നു തക്കാളി ലേലത്തിൽ പിടിച്ച ശേഷം കാവൽ കിടന്ന വ്യാപാരിയെ മോഷ്ടാക്കൾ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. കോലാർ മാർക്കറ്റിൽ തക്കാളിയുടെ മൊത്തവില കിലോഗ്രാമിന് 147 രൂപ വരെ ഉയർന്നതോടെ ചില്ലറവില 160 രൂപ വരെ എത്തി. ഇതേത്തുടർന്ന് ഹോട്ടലുകളിലും മറ്റും തക്കാളി വിഭവങ്ങൾ ലഭിക്കുന്നില്ല.
കന്നഡിഗരുടെ പ്രിയവിഭങ്ങളായ ടുമാറ്റോ ബാത്ത്, ബേൽപൂരി തുടങ്ങിയവയിൽ നിന്നും തക്കാളി അപ്രത്യക്ഷമായിക്കഴിഞ്ഞു. തക്കാളിക്കു പകരം സോസ് ഉപയോഗിച്ചാണ് പലരും പിടിച്ചുനിൽക്കുന്നത്.
ഡെങ്കി; രോഗലക്ഷണങ്ങളെ അവഗണിക്കരുത്
ഡെങ്കി കേസുകളും മരണങ്ങളും സംസ്ഥാനമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് അറിയിച്ചു.അപായ സൂചനകള്‍ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സാസഹായം ഉറപ്പാക്കുന്നത് മരണം ഒഴിവാക്കാൻ സഹായിക്കും.പനി ,കഠിനമായ ദേഹവേദന, തലവേദന കണ്ണിനു പുറകില്‍ വേദന സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍ .രോഗബാധിതര്‍ ചികിത്സയോടൊപ്പം പരിപൂര്‍ണ്ണ വിശ്രമം എടുക്കേണ്ടതാണ്.
തുടര്‍ച്ചയായ ചര്‍ദ്ദി ,വയറുവേദന ,ശരീരത്തില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, കറുത്ത മലം, ശ്വാസംമുട്ട് ,ശരീരം ചുവന്നു തടിക്കുക ,കഠിനമായ ക്ഷീണം ശ്വാസതടസ്സം രക്തസമ്മര്‍ദ്ദം താഴുക എന്നിവ അപായ സൂചനകളാണ്.കുഞ്ഞുങ്ങള്‍ക്ക് രോഗബാധഉണ്ടായാല്‍ ശരീരോഷ്മാവ് കുറയ്ക്കാൻ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി നല്‍കുക . തിളപ്പിച്ചാറിയ വെള്ളവും മറ്റ് പാനീയങ്ങളും പോഷകാഹാരവും നല്‍കുക. വിശ്രമിക്കുക . ജലാംശം ശരീരത്തില്‍ കുറയുന്നതിന്റെ സൂചനകള്‍ ഉണ്ടെങ്കില്‍ തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കുഞ്ഞുങ്ങളുടെ ഉയര്‍ന്ന ശരീര താപനില കുറയാതിരിക്കുക, ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുള്ള അസ്വസ്ഥത നാവ് , വായ,ചുണ്ട് എന്നിവ വരണ്ടു കാണുക , മയക്കം, ക്ഷീണത്തോടെ ഉറക്കം തൂങ്ങി ഇരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക കഠിനമായ കാല് വേദന,ചര്‍ദില്‍ വയറുവേദന,മോണ പോലെയുള്ള ശരീര ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുക, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടിയന്തരമായി ഡോക്ടറെ കാണേണ്ടതാണ്.പനി മാറിയാലും മൂന്നുനാലു ദിവസം കൂടി ശ്രദ്ധിക്കണം.ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം കരിക്കിൻ വെള്ളം പഴ ചാറുകള്‍ മറ്റു പാനീയങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം എന്നിവ ധാരാളം കുടിക്കണം .സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ വേദനസംഹാരികള്‍ പോലെയുള്ള മരുന്നുകള്‍ വാങ്ങി കഴിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.