Home Featured ബംഗളൂരു : തുടർച്ചയായി കടുവയുടെ ആക്രമണം; വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ കൂട്ടിലടച്ച് കർഷകർ

ബംഗളൂരു : തുടർച്ചയായി കടുവയുടെ ആക്രമണം; വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ കൂട്ടിലടച്ച് കർഷകർ

ബംഗളൂരു : തുടർച്ചയായി കടുവയുടെ ആക്രമണമുണ്ടായിട്ടും വനംവകുപ്പ് അനാസ്ഥ തുടരുന്നതിൽ പ്രതിഷേധിച്ച് കർണാടകത്തിൽ കർഷകർ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിൽ പൂട്ടിയിട്ടു. ചമരജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിലായിരുന്നു സംഭവം. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ തന്നെയാണ് ഉദ്യോഗസ്ഥരെ കർഷകർ പൂട്ടിയിട്ടത്. പ്രദേശത്ത് കടുവയുടെ ആക്രമണം പതിവാണെന്നും നിരന്തരമായി കടുവ കന്നുകാലികളെ ആക്രമിക്കാറുണ്ടെന്നും കർഷകർ പറഞ്ഞു. എന്നാൽ കടുവയെ പിടികൂടാൻ വനം വകുപ്പിന് സാധിക്കാഞ്ഞതോടെയാണ് ജനരോഷം അണപൊട്ടിയത്.

ബന്ദിപ്പൂർ ടൈഗർ റിസർവിന്റെ (ബിടിആർ) അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങൾ കന്നുകാലികളെ കൊല്ലുന്ന സംഭവങ്ങൾ തുടരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പിടികൂടാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് വിഷയം ഗൗരവമായി എടുത്തിട്ടില്ലെന്നും കൂട് സ്ഥാപിക്കുക മാത്രമാണ് ചെയ്‌തതെന്നും കർഷകർ ആരോപിക്കുന്നു. കൂട് സ്ഥാപിച്ചതിനു ശേഷവും കടുവയുടെ ആക്രമണത്തിൽ പശുക്കുട്ടി കൊല്ലപ്പെട്ടതായി കർഷകർ പരാതിപ്പെട്ടു.

ചൊവ്വാഴ്ച വനംവകുപ്പ് ജീവനക്കാർ ബൊമ്മലാപുര സന്ദർശിച്ചപ്പോഴാണ് കർഷകർ ജീവനക്കാരെ കൂട്ടിലടച്ചത്. സംഭവമറിഞ്ഞ് ഗുണ്ടൽപേട്ട് എസിഎഫ് സുരേഷും ബന്ദിപ്പൂർ എസിഎഫ് നവീൻ കുമാറും സ്ഥലത്തെത്തി കർഷകരുമായി സംസാരിച്ചു.

വന്യമൃഗത്തെ പിടികൂടാൻ മെരുക്കിയ ആനകളെ ഉപയോഗിച്ച് കോമ്പിംഗ് ഓപ്പറേഷൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ കർഷകർക്ക് ഉറപ്പ് നൽകിയതിനു ശേഷമാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. കടുവയെ പിടികൂടാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെങ്കിൽ വകുപ്പ് ഓഫീസ് ഉപരോധിക്കേണ്ടിവരുമെന്ന് കർഷക സംഘടനയായ റൈത സംഘ നേതാവ് ഹൊന്നൂർ പ്രകാശ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group